ഹൈദരാബാദ്: ഈ വര്‍ഷം മെയ് മാസത്തില്‍ മാത്രം രാജ്യത്ത് 74 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നതായി ദ സിയാസത് ഡെയ്‌ലിയുടെ റിപ്പോര്‍ട്ട്. ഈ 74 വിദ്വേഷ കുറ്റകതൃത്യങ്ങളില്‍ 10 എണ്ണവും നടന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയ പശ്ചിമ ബംഗാളിലാണെന്നും സിയാസത്ത് ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് ഒമ്പതിനാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്ത് ആദ്യമായാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിറകെ സംസ്ഥാനത്ത് വ്യാപമായി അക്രമ സംഭവങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളിലെ 10 വിദ്വേഷ കുറ്റകൃത്യങ്ങളില്‍ കൂടുതലും നടന്നത് സംസ്ഥാനത്ത് ബി.ജെ.പി വിജയിച്ചതായുള്ള തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണെന്ന് സിയാസത് ഡെയലിയുട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡാര്‍ജിലിങ്, കൂച് ബെഹാര്‍, നോര്‍ത്ത് 24 പര്‍ഗാനാസ്, മുര്‍ഷിദാബാദ്, ഇസ്‌ലാംപൂര്‍, കൊല്‍കത്ത എന്നിവിടങ്ങളിലായാണ് ഈ കുറ്റകൃത്യങ്ങള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡാര്‍ജിലിങ് ജില്ലയിലെ പൊഖ്‌റിയില്‍ ഒരു സംഘം ആളുകള്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച് ഒരു മുസ്‌ലിം പള്ളിയുടെ മുകളില്‍ കയറി കാവി പെയിന്റടിച്ചതാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ഒരു വിദ്വേഷ ആക്രമണം. സംസ്ഥാനത്ത് തീവ്ര വലതു പക്ഷക്കാര്‍ നോണ്‍ വെജിറ്റേറിയന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടപ്പിച്ച സംഭവങ്ങളും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂച്ച് ബെഹാര്‍ ജില്ലയിലെ ദിന്‍ഹാത്ത പട്ടണത്തില്‍ പ്രാദേശിക വിനോദ സഞ്ചാരികള്‍ വരാറുള്ള താജ് മഹല്‍ സെല്‍ഫി പോയിന്റ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തീവച്ച് നശിപ്പിച്ചതാണ് സിയാസതിന്റെ റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്ന മറ്റൊരു ആക്രമണം. ഒരു ദുര്‍ഗാ ക്ഷേത്രത്തിന് സമീപമുള്ള ഈ സെല്‍ഫി പോയിന്റ് മുദ്രാവാക്യങ്ങള്‍ മുഴക്കൊക്കൊണ്ടാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ നശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ മാസം നടന്ന 74 വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 63 എണ്ണവും മുസ്‌ലിങ്ങള്‍ക്കെതിരായിരുന്നെന്നും സിയാസത് ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് വിദ്വേഷ ആക്രമണങ്ങള്‍ നടന്നത് ദളിത്, ആദിവാസി സമുദായങ്ങളിലുള്ളവര്‍ക്കെതിരാണ്. ക്രൈസ്തവര്‍ക്കെതിരെ നാല് വിദ്വേഷ ആക്രമണങ്ങള്‍ നടന്നു. രണ്ട് വിദ്വേഷ ആക്രമണങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ഭക്ഷണ വിതരണ പരിപാടിയില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ ക്യുവില്‍ നില്‍ക്കുകയായിരുന്ന ദരിദ്രനായ മനുഷ്യന്റെ കൈയില്‍ നിന്ന് ഹിന്ദു രക്ഷാ ദള്‍ നേതാവ് പിങ്കി ചൗധരി എന്ന ഭൂപേന്ദ്ര തൊമാര്‍ ഭക്ഷണം തട്ടിപ്പറിക്കുന്ന വീഡിയോ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ആ മനുഷ്യന്‍ മുസ്‌ലിം സമുദായാംഗമായതിനാലായിരുന്നു പിങ്കി ചൗധരി പ്ലേറ്റ് തട്ടിപ്പറിച്ചത്. ‘ഞങ്ങള്‍ മുല്ലകള്‍ക്ക് ഭക്ഷണം കൊടുക്കില്ല’ എന്നും മുസ്‌ലിങ്ങള്‍ ഭക്ഷണം കഴിക്കരുതെന്നും ചൗധരി പറയുന്നതായും വീഡിയോയിലുണ്ടായിരുന്നു. ഹിന്ദുക്കള്‍ മാത്രം വന്നാല്‍ മതിയെന്നും അയാള്‍ പറഞ്ഞിരുന്നു. ഈ സംഭവവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഗുജറാത്തില്‍ ഒരു മുസ്‌ലിം പുരുഷനെ പൊലീസ് വാഹനത്തിന്റെ ബോണറ്റില്‍ കെട്ടിയിട്ട് വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ മാസം പുറത്തുവന്നിരുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. പശുക്കടത്തുകാരനെന്ന് പറഞ്ഞായിരുന്നു ആക്രമണം.
കഴിഞ്ഞ മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബക്രീദ് ആഘോഷങ്ങളെ ലക്ഷ്യമിട്ടുള്ള കുറ്റകത്യങ്ങളും നടന്നിരുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാ ബാദില്‍ ബക്രീദിനായി ഇറച്ചിയും വാങ്ങി പോവുകയായിരുന്ന രണ്ട് കുട്ടികള്‍ക്ക് നേര്‍ക്ക് ബി.ജെ.പി മേയര്‍ സുനിത ദയാല്‍ കയര്‍ത്ത് സംസാരിക്കുന്ന ഒരു വീഡിയോ മേയര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കുട്ടികളുടെ മുഖം വ്യക്തമായി കാണുന്ന തരത്തിലായിരുന്നു വീഡിയോ. ഇത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി അറക്കുന്നതിനുള്ള കന്നുകാലികളെ താത്കാലിക ഷെഡുകളില്‍ പാര്‍പ്പിച്ചതിനെതിരെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളിലെ അംഗങ്ങളും ചിലയിടങ്ങളില്‍ റെസിഡന്‍സ് അസോസിയേഷനുകളും മുസ്‌ലിം കുടുംബങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍ ഇത്തരത്തില്‍ ഹിന്ദു കുടുംബങ്ങളുടെ നേതൃത്വത്തില്‍ റെസിഡന്‍സ് അസോസിയേന്‍ മുസ്‌ലിം കുടുംബങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധമായാണ് കന്നുകാലികളെ സൂക്ഷിച്ചിരിക്കുന്നതെന്ന് ആരോപിച്ച റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അന്ന് ഒരു പന്നിയെയും എടുത്തുകൊണ്ട് വന്നായിരുന്നു പ്രതിഷേധിച്ചത്.
തങ്ങള്‍ പൊതു പൈപ്പില്‍ നിന്നും കിണറില്‍ നിന്നും വെള്ളമെടുക്കുന്നത് ഒരു കൂട്ടം ആളുകള്‍ തടയുന്നതായി ഛത്തീസ്ഗഡിലെ കെങ്കര്‍ ജില്ലയിലെ ചില ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പറഞ്ഞതായി കഴിഞ്ഞ മാസം വാര്‍ത്ത പുറത്തുവന്നിരുന്നു. തങ്ങള്‍ ക്രിസ്തുമതം വിട്ട് ഹിന്ദുമതം സ്വീകരിക്കണമെന്ന് അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പറഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ചും സിയാസത് റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ഒരു ദളിത് കുടുംബം ക്ഷേത്രത്തിലേക്ക് ഗോതമ്പ് സംഭാവന നല്‍കിയപ്പോള്‍ ആ ഗോതമ്പിന്റെ അളവ് കുറവാണെന്ന് പറഞ്ഞ് അവരെ മര്‍ദിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ബി.ജെ.പിയുടെ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളെക്കുറിച്ചും സിയാസത് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതേഷ് റാണെ മുസ്‌ലിങ്ങള്‍ ‘പച്ച പാമ്പുകള്‍’ ആണെന്ന് വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. ഹിന്ദുക്കളുടെ താത്പര്യങ്ങളാണ് പ്രധാനമെന്നും സാഹോദര്യം എന്ന ഒരു കാര്യമില്ലെന്നും എല്ലാ മതങ്ങള്‍ക്കും ഒരേ ബഹുമാനം നല്‍കേണ്ടതില്ലെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. സാഹോദര്യം, മതങ്ങള്‍ക്കുള്ള തുല്യ ബഹുമാനം എന്നിവയില്‍ വിശ്വസിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സുവേന്ദു അധികാരി നടത്തിയ ഒരു പ്രസ്താവനയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘നന്ദിഗ്രാമിലെ ഹിന്ദുക്കളാണ് എന്നെ വീണ്ടും വിജയിപ്പിച്ചത്. മുസ്‌ലിം വോട്ടുകള്‍ മുഴുവന്‍ തൃണമൂലിന് പോയി. ഞാന്‍ നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക,’ എന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
Content Highlight: 74 hate crimes in India in May: 10 recorded in West Bengal-Siasat Daily Report