കശ്മീര്‍: ജമ്മു കശ്മീരില്‍ 70 ശതമാനത്തോളം സീറ്റുകള്‍ സംവരണ ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ നിലപാടില്‍ അയവ് വരുത്തി ഒമര്‍ അബ്ദുല്ല സര്‍ക്കാര്‍.
സംവരണ വിഷയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
50 ശതമാനം സീറ്റുകളിലും ജോലികളിലും ഓപ്പണ്‍ മെറിറ്റ്/ ജനറല്‍ കാറ്റഗറി ഉറപ്പാക്കുമെന്ന് നിര്‍ദേശിക്കുന്നതാണ് റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സംവരണത്തെ സ്പര്‍ശിച്ചിട്ടില്ല. പിന്നോക്ക പ്രദേശങ്ങളിലെ താമസക്കാര്‍ (ആര്‍.ബി.എ), സാമ്പത്തിക ദുര്‍ബല വിഭാഗം (ഇ.ഡബ്ല്യു.എസ്) തുടങ്ങിയവരെ കൂടുതലായി ഓപ്പണ്‍ മെറിറ്റിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.
2024 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പാസാക്കിയ ജമ്മു കശ്മീര്‍ ബില്ലിലൂടെയാണ് സംസ്ഥാനത്തെ എസ്.ടികള്‍ക്കുള്ളില്‍ ഉപവര്‍ഗീകരണം നടത്തിയത്. കൂടുതല്‍ വിഭാഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
2024 മാര്‍ച്ചില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ജമ്മു കശ്മീരിലെ കൂടുതല്‍ ഗ്രൂപ്പുകളെ പട്ടിക വര്‍ഗ വിഭാഗത്തിന് കീഴില്‍ കൊണ്ടുവന്നു. 2005ലെ ജമ്മു കശ്മീര്‍ സംവരണ നിയമങ്ങള്‍ ഭേദഗതി ചെയ്താണ് സംവരണം അടിമുടി തിരുത്തിയെഴുതിയത്.
പട്ടിക വര്‍ഗ വിഭാഗത്തിനുള്ള സംവരണ സീറ്റുകള്‍ 10 ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് ഉയര്‍ത്തി. ഇതോടൊപ്പം ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണവും വര്‍ധിപ്പിച്ചു. ഒ.ബി.സി പട്ടികയില്‍ 15 പുതിയ ഗ്രൂപ്പുകളെയും ചേര്‍ത്തു.
ഇതോടെ ആകെയുള്ള സര്‍ക്കാര്‍ സീറ്റുകളിലും ജോലികളിലും സംവരണം 43 ശതമാനത്തില്‍ നിന്നും 70 ശതമാനമായി വര്‍ധിച്ചു. ജനറല്‍ വിഭാഗത്തിന് 30 ശതമാനം സംവരണം മാത്രമാണ് അവശേഷിച്ചിരുന്നത്.
സംവരണത്തിനെതിരെ ശ്രീനഗറില്‍ നടന്ന പ്രതിഷേധം
ജമ്മു കശ്മീരിലെ ഭൂരിഭാഗം ജനങ്ങളും ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ തന്നെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് സര്‍ക്കാരും തീരുമാനം മാറ്റിയിരിക്കുന്നത്.
ക്വാട്ടയിലെ വര്‍ധനവിനെതിരെ യുവാക്കള്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും എം.പിയുമായ ആഘ റുഹുല്ല മെഹ്ദി സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെതിരെ തന്നെ രംഗത്തെത്തിയതും ഇതിനിടെ ചര്‍ച്ചയായിരുന്നു. ക്വാട്ട നയം പുനപരിശോധിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ശേഷം പ്രതിഷേധം കടുപ്പിക്കുമെന്നായിരുന്നു മെഹ്ദിയുടെ മുന്നറിയിപ്പ്.
ജനസംഖ്യാ കണക്കുകള്‍ പ്രകാരം സംവരണം വിഭജിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വാഗ്ദാനം ചെയ്‌തെങ്കിലും ക്വാട്ട വെട്ടിച്ചുരുക്കുന്ന വിഭാഗങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന ആശങ്കയുമുണ്ടായിരുന്നു.
Content Highlight: 70 percent quota in Jammu and Kashmir; More categories to open merit; Omar Abdullah government accepts change