| Tuesday, 2nd July 2019, 11:47 pm

ജയ്പൂരില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ജയ്പൂരിലെ ശാസ്ത്രിനഗറില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 160 വാഹനങ്ങള്‍ പ്രക്ഷോഭകാരികള്‍ കത്തിച്ചു. പ്രദേശത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ശാന്തമാകും വരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വീടിന് സമീപത്ത് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടതായി കണ്ടെത്തി.

മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പ്രചരിച്ചതോടെയാണ് ഇന്റര്‍നെറ്റ് ബന്ധം പൊലീസ് വിച്ഛേദിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more