| Monday, 6th July 2020, 11:37 am

പ്രവാസികളുടെ എണ്ണം സ്വന്തം പൗരന്‍മാരേക്കാളും കൂടുന്നു; കുറയ്ക്കാനുറച്ച് കുവൈറ്റ്; തൊഴില്‍ നഷ്ടപ്പെടുന്നത് ഏഴ് ലക്ഷം ഇന്ത്യക്കാര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ബില്ലിന് ദേശീയ അസംബ്ലിയുടെ നിയമ സമിതി അംഗീകാരം നല്‍കിയിരിക്കുകയാണ്. ബില്‍ ഘടനാപരമാണെന്നാണ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. നീക്കത്തിന്റെ സമഗ്ര പദ്ധതിക്കായി ഈ ബില്‍ മറ്റൊരു സമിതിയിലേക്ക് അയച്ചിരിക്കുകയാണ്.

കുവൈറ്റില്‍ ബില്‍ നിയമ പ്രാബല്യത്തില്‍ വന്നാല്‍ ചുരുങ്ങിയത് ഏഴ് ലക്ഷം ഇന്ത്യക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക. ബില്ലില്‍ പറയുന്ന വ്യവസ്ഥകള്‍ പ്രകാരം കുവൈറ്റ് ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ രാജ്യത്തുണ്ടാവാന്‍ പാടില്ല. 48 ലക്ഷമാണ് കുവൈറ്റിലെ ജനസംഖ്യ. 14 ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്. കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വരുന്ന രാജ്യം ഇന്ത്യയാണ്. ഈജിപ്താണ് തൊട്ടു പിന്നില്‍. മറ്റു രാജ്യങ്ങളിലെ പ്രവാസി വരവിലും ബില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്.

വിദേശ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് കൂടുകയും കുവൈറ്റ് പൗരര്‍ ഇവിടെ ന്യൂനപക്ഷമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുവൈറ്റിന്റെ തീരുമാനം.

കുവൈറ്റിലുള്ള പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കാനാണ് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് പ്രതിസന്ധി തുടങ്ങിയ ശേഷം വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നതുള്ള ആവശ്യം ഔദ്യോഗിക തലത്തില്‍ ശക്തമായിരുന്നു.

ഗള്‍ഫ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ തലത്തില്‍ നിന്നും ലോമേക്കര്‍സില്‍ നിന്നും രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം വന്നിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ എണ്ണ വിപണിയിലുണ്ടായ ഇടിവും ഇതിലേക്ക് നയിച്ചിട്ടുണ്ട്.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തില്‍ പ്രവാസികള്‍ ഒരു പ്രധാന ഘടകമാണ്. കുവൈറ്റിലെ മിക്ക തൊഴില്‍ മേഖലകളിലുമുള്ള ഇന്ത്യക്കാര്‍ പൊതുവെ കഠിനാധ്വാനികളും നിയമവ്യവസ്ഥയെ അനുസരിക്കുന്നവരുമാണെന്ന് കുവൈറ്റില്‍ പൊതുവെ വിലയിരുത്തലുണ്ട്.
കുവൈറ്റിന്റെ തീരുമാനത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more