| Sunday, 17th August 2025, 9:50 pm

പാകിസ്ഥാനിൽ ഉല്ലാസയാത്ര പോയവർക്ക് നേരെ വെടിവെപ്പ്; 7 പേർ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു. ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

പെഷവാറിൽ നിന്ന് 65 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കൊഹാത് ജില്ലയിലെ പ്രാന്തപ്രദേശമായ റെജി ഷിനോ ഖേലിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ (ശനിയാഴ്ച) വെളുപ്പിനാണ് ആക്രമണമുണ്ടായത്.

ഉല്ലാസയാത്ര കഴിഞ്ഞ് തണ്ട ഡാമിൽ നിന്ന് ജന്മനാടായ ഖര ഘരി മുഹമ്മദ് സായിയിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദത്തിന് തെളിവുകളില്ലെന്നും ജില്ലാ പൊലീസ് ഓഫീസർ കൊഹാത് സാഹിദുള്ള ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

പുലർച്ചെ 12:45 ഓടെയാണ് സംഭവം നടന്നതെന്നും ചില കുടുംബ തർക്കങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും അതാണോ വെടിവെപ്പിന് കാരണമെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സഹായത്തോടെ റെസ്‌ക്യൂ 1122 ഉദ്യോഗസ്ഥർ മൃതദേഹങ്ങളും പരിക്കേറ്റയാളെയും കൊഹാട്ടിലെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി പെഷവാറിലെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ടവർക്ക് ആരുമായും ശത്രുതയുള്ളതായി അറിയില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ ഖൈബർ പഖ്തൂൺഖ്വ ഇൻസ്പെക്ടർ ജനറൽ സുൽഫിക്കർ ഹമീദ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Content Highlight: 7 killed in gun attack in northwest Pakistan

We use cookies to give you the best possible experience. Learn more