ന്യൂദൽഹി: കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് മരണം. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പറന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിൽ പൈലറ്റ് ഉൾപ്പടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടു.
10 മിനിറ്റ് യാത്രയ്ക്കിടെ, ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു ഹെലികോപ്റ്റർ തകർന്നുവീണത്. പുലർച്ചെ 5:20 നാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിൽ അഞ്ച് മുതിർന്നവരും ഒരു കുട്ടിയും പൈലറ്റുമായിരുന്നു ഉണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി (യു.സി.ഡി.എ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു യാത്രക്കാർ.
സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് അപകടം റിപ്പോർട്ട് ചെയ്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ.ഡി.ആർ.എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്.ഡി.ആർ.എഫ്) സംഘങ്ങൾ അപകടസ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അനുശോചനം അറിയിച്ചു. ‘രുദ്രപ്രയാഗ് ജില്ലയിൽ ഒരു ഹെലികോപ്റ്റർ അപകടത്തിന്റെ അങ്ങേയറ്റം ദുഃഖകരമായ വാർത്ത ലഭിച്ചു. എസ്.ഡി.ആർ.എഫ്, പ്രാദേശിക ഭരണകൂടം, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്,’ അദ്ദേഹം എഴുതി.
മെയ് രണ്ടിന് ഹിമാലയൻ ക്ഷേത്രമായ കേദാർനാഥിന്റെ കവാടങ്ങൾ തുറന്നതിനുശേഷം ഉണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്. നേരത്തെ, ജൂൺ ഏഴിന് കേദാർനാഥിലേക്ക് പോകുകയായിരുന്ന ഒരു ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ഒരു ഹൈവേയിൽ ലാൻഡ് ചെയ്തിരുന്ന്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർ സുരക്ഷിതമായി രക്ഷപ്പെട്ടുവെങ്കിലും പൈലറ്റിന് നിസാര പരിക്കേറ്റിരുന്നു.
Content Highlight: 7 Dead In Chopper Crash Near Kedarnath, 5th Such Incident In 6 Weeks