മുംബൈ: മുംബൈ ട്രെയിൻ ബോംബ് സ്‌ഫോടന കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി. 2015ൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ അബ്ദുൾ വാഹിദ് ഷെയ്ഖിന്റേതാണ് ആവശ്യം.
കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് ഷെയ്ഖ് ഈ ആവശ്യം ഉന്നയിച്ചത്. കേസ് ശരിയായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മുംബൈ ട്രെയിൻ ബോംബ് സ്ഫോടനങ്ങൾക്ക് പിന്നിലെ യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏതെങ്കിലുമൊരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ കേസ് പുനരന്വേഷിക്കണം,’ ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു.
മഹാരഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്ത് ഒമ്പത് വർഷത്തിന് ശേഷമാണ് ഷെയ്ഖ് മോചിതനായത്. 2015ൽ പ്രത്യേക കോടതി സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. മറ്റ് 12 പേരിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാൾ 2021 ൽ മരിച്ചു.
അധ്യാപകനായ ഷെയ്ഖ് മുമ്പ് കോടതി ശിക്ഷിച്ച 12 പേരെയും എ.ടി.എസ് അതിക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നെന്ന് പറയുകയും അവർക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിലെ പാളിച്ചകൾക്ക് എ.ടി.എസ് കുറ്റവിമുക്തരാക്കിയവരോട് മാപ്പ് പറയണം, നിരപരാധികളായിരുന്നിട്ടും 19 വർഷം ജയിലിൽ കഴിഞ്ഞ 12 പേർക്ക് 19 കോടി രൂപ നഷ്ടപരിഹാരം നൽകണം, അവർക്ക് സർക്കാർ ജോലിയും വീടുകളും നൽകണം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ആവശ്യങ്ങൾ.
കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 21, 2025) ഹൈക്കോടതി ഈ 12 പേരെയും വിട്ടയച്ചു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നും, പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റസമ്മതം നടത്തുന്നതായി എ.ടി.എസ് ഇവരെ പീഡിപ്പിച്ചതായും ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പറഞ്ഞു.
പിന്നാലെയാണ് അബ്ദുൾ വാഹിദ് ഷെയ്ഖ് പുനരന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ വൈകിയാണെങ്കിലും ഒടുവിൽ അവർക്ക് നീതി ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
‘വളരെ വൈകിയാണെങ്കിലും, അവർക്ക് ഒടുവിൽ നീതി ലഭിച്ചു. ഹൈക്കോടതി വിധി എ.ടി.എസിന്റെ നുണ തുറന്നുകാട്ടി’, അദ്ദേഹം പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ശൈഖ് അനുശോചനം രേഖപ്പെടുത്തുകയും അവർക്ക് നീതി ലഭിക്കണമെന്ന് പറയുകയും ചെയ്തു.
2006 ജൂലൈ 11ന് മുംബൈയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 180 ലധികം പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlight:
7/11 train bomb blasts case: Acquitted man demands re-investigation through SIT