| Monday, 1st September 2025, 6:01 pm

സി.ബി.ഐ അന്വേഷിച്ച 7000ലധികം അഴിമതി കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐ അന്വേഷിച്ച 7,072 അഴിമതി കേസുകള്‍ വിചാരണകാത്ത് കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍.

379 കേസുകളില്‍ 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പോലും ആരംഭിച്ചില്ലെന്നും വിജിലന്‍സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

1506 കേസുകള്‍ മൂന്ന് വര്‍ഷത്തോളമായി വിചാരണ കാത്തിരിക്കുകയാണ്. 791 കേസുകള്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയും, 2115 കേസുകള്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരേയും, 2281 കേസുകള്‍ പത്ത് മുതല്‍ 20 വര്‍ഷംവരെയുള്ള കാലത്തോളമായി വിചാരണ കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിനുപുറമെ, ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമായി സി.ബി.ഐയും പ്രതികളായ കക്ഷികളും സമര്‍പ്പിച്ച 13,100 അപ്പീലുകളും റിവിഷനുകളും കെട്ടിക്കിടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള 606 കേസുകളില്‍ 20 വര്‍ഷത്തോളമായി തീര്‍പ്പുണ്ടാക്കാനാകാത്തത് നിയമവ്യവസ്ഥയെ തന്നെ തടസപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

2024ല്‍ മാത്രം സി.ബി.ഐ 807 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 502 കേസുകള്‍ പൊതുപ്രവര്‍ത്തകരും ഗസ്റ്റഡ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസുകളാണ്. പല കേസുകളിലും അന്വേഷണം തുടരുന്നുണ്ടെങ്കിലും വര്‍ഷാവസാനമായിട്ടും ഭൂരിപക്ഷം കേസുകളിലും തീര്‍പ്പുണ്ടാക്കാനായിട്ടില്ല.

അതേസമയം, സി.ബി.ഐയില്‍ 1610 തസ്തികകളില്‍ നിയമനം നടക്കാത്തത് ഏജന്‍സിയെ സാരമായി ബാധിക്കുന്നുണ്ട്.

കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ആശങ്കപ്രകടിപ്പിച്ച വിജിലന്‍സ്, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലെയും അന്വേഷണപ്രക്രിയകളിലെയും കാലതാമസമാണ് ഇത് എടുത്തുകാണിക്കുന്നതെന്നും വിമര്‍ശിച്ചു.

രാജ്യത്ത് അഴിമതിയെ ഫലപ്രദമായി തടയാനാകാത്തത് ഈ കാലതാമസം കാരണമാണെന്നും വിജിലന്‍സ് വിമര്‍ശിക്കുന്നു.

Content Highlight:The Central Vigilance Commission has revealed that 7,072 corruption cases investigated by the CBI are pending in the courts awaiting trial

We use cookies to give you the best possible experience. Learn more