കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പിലാക്കിയാല്‍ ബംഗ്ലാദേശിലേക്ക് അയക്കപ്പെടുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്ത് 63കാരന്‍. ഇന്നലെ (ഞായറാഴ്ച) രാവിലെ കൊല്‍ക്കത്തയിലെ തന്റെ വീട്ടില്‍ വെച്ച് തൂങ്ങി മരിക്കുകയായിരുന്നു ഇയാള്‍.
ദിലീപ് കുമാര്‍ സാഹ എന്നയാളാണ് ആത്മഹത്യ ചെയ്തത്. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അനധ്യാപക ജീവനക്കാരനാണ് ഇയാള്‍. 1972ലായിരുന്നു സാഹ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് എത്തിയത്. ഇപ്പോള്‍ വര്‍ഷങ്ങളായി പങ്കാളിക്കും മകനുമൊപ്പം കൊല്‍ക്കത്തയിലാണ് താമസം.
എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് അറിഞ്ഞ ശേഷം തന്നെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് സാഹ ഭയന്നിരുന്നതായി പങ്കാളിയായ ആരതി സാഹ പറഞ്ഞു. ആരതി രാവിലെ സാഹയെ പല തവണ വിളിച്ചെങ്കിലും അടച്ചിട്ട മുറി തുറക്കാതെ വന്നതോടെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.
അപ്പോഴാണ് സാഹയെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്നെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമോ എന്ന കാര്യത്തില്‍ തന്റെ പങ്കാളി കുറച്ചു കാലമായി കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും അതല്ലാതെ മറ്റു ടെന്‍ഷനുകള്‍ ഉണ്ടായിരുന്നില്ലെന്നും ആരതി പറഞ്ഞു.
സാഹ കുട്ടിക്കാലത്താണ് കൊല്‍ക്കത്തയില്‍ എത്തിയതെന്നും ബംഗ്ലാദേശിലേക്ക് തിരിച്ചയക്കപ്പെട്ടാല്‍ ഇയാള്‍ക്ക് അവിടെ ആരുമില്ലെന്നും ആരതി കൂട്ടിച്ചേര്‍ത്തു. ഈ ഭയം തന്നെയാകും സാഹയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ആത്മഹത്യ കുറിപ്പില്‍ എന്‍.ആര്‍.സിയെ കുറിച്ച് പരാമര്‍ശമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടയില്‍ സാഹയുടെ മരണം രാഷ്ട്രീയ സംഘര്‍ഷത്തിലേക്കും നീങ്ങിയിട്ടുണ്ട്.
എന്‍.ആര്‍.സി നടപ്പിലാക്കുന്നതിലൂടെ ബി.ജെ.പി ബംഗാളി ഹിന്ദുക്കളെ ലക്ഷ്യം വെക്കുന്നതിന്റെ പരിണിത ഫലമാണ് സാഹയുടെ മരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി ബ്രത്യ ബസു ആരോപിച്ചു.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരാളുടെ മരണത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി.ജെ.പി എം.എല്‍.എ അഗ്നിമിത്ര പോളും ആരോപിച്ചു. ആത്മഹത്യ കുറിപ്പില്‍ എന്‍.ആര്‍.സിയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ഒരുപോലെ ഭയപ്പെടുത്താനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൗരത്വ രജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. ബംഗ്ലാദേശില്‍ നിന്നും ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത് നടപ്പിലാക്കിയത്.
Content Highlight: 63 year old man commits suicide over fearing deportation on National Register of Citizens in Kolkata