യാംഗോന്‍: മ്യാന്മറില്‍ ബാക്കിയുള്ള ആറു ലക്ഷം റോഹിങ്ക്യന്‍ മുസ്ലിമുകള്‍ വംശഹത്യ ഭീഷണിയിലെന്ന് യു.എന്‍ അന്വേഷണ സംഘം. രാജ്യത്തുനിന്ന് നിര്‍ബന്ധിത പാലായനം നടത്തേണ്ടി വന്ന പത്ത് ലക്ഷം റോഹിങ്ക്യകളെ മടക്കികൊണ്ടുവരുന്നത് അസാധ്യമാണെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രൂപീകരിച്ച സംഘം പറഞ്ഞു.
2017ല്‍ റോഹിങ്ക്യകള്‍ക്കുനേരെ മ്യാന്മര്‍ സൈന്യം നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയ സേന തലവന്‍ മിന്‍ ഓങ് ഹ്ലൈങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
മ്യാന്മറിലെ രാഖൈന്‍ സംസ്ഥാനത്ത് ആറു ലക്ഷം റോഹിങ്ക്യകള്‍ കുടുങ്ങിക്കിടക്കുകയാണ്. വംശഹത്യ സങ്കേതമായി മാറിയ മ്യാന്മറില്‍ നിലവിലുള്ള റോഹിങ്ക്യകള്‍ ഗുരുതര ഭീഷണിയാണ് നേരിടുന്നത്.രണ്ടു വര്‍ഷം മുന്‍പ് കൊടിയ പീഡനങ്ങള്‍ നേരിട്ട് 7.40 ലക്ഷം പേരാണ് ബംഗ്ലാദേശിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായത്.നേരത്തെ പാലായനം ചെയ്ത അനേകം പേര്‍ അഭയാര്‍ഥികളായി കഴിയുന്നിടത്തേക്കാണ് ഇത്രയധികം പേര്‍ എത്തിയത്.
തങ്ങളുടെ ദുഷ്ചെയ്തികള്‍ നിഷേധിക്കുന്ന ഭരണകൂടം,തെളിവുകള്‍ നശിപ്പിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളിക്കളഞ്ഞും റോഹിങ്ക്യകളുടെ ഭൂമി പിടിച്ചെടുത്ത് അവിടെ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എന്നാല്‍ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ മ്യാന്മര്‍ സൈനിക വക്താവ് സ്വ മിന്‍ടുന്‍ നിഷേധിച്ചു.റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ