| Friday, 24th August 2018, 12:02 am

കേരളത്തിനനുവദിച്ച 600 കോടി ആദ്യ ഗഡു മാത്രം; വിമര്‍ശനം കടുത്തതോടെ വിശദീകരണവുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദുരന്തനിവാരണത്തിനായി കേരളത്തിനനുവദിച്ച 600 കോടി, ധനസഹായത്തിലെ ആദ്യഘട്ടം മാത്രമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. കേരളം മുന്നോട്ടു വച്ച 2,600 കോടിയെന്ന ആവശ്യം അംഗീകരിക്കാതിരിക്കുകയും, വിദേശസഹായങ്ങള്‍ തടയുകയും ചെയ്ത കേന്ദ്ര നടപടിയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ദിവസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചിരുന്ന 600 കോടി ധനസഹായം ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുകയുടെ ആദ്യ ഗഡു മാത്രമാണെന്നും, ദുരന്തത്തിന്റെ ആഘാതം വിലയിരുത്താനായി വിദഗ്ധ സംഘം സംസ്ഥാനം സന്ദര്‍ശിച്ച ശേഷം കൂടുതല്‍ തുക വകയിരുത്തുമെന്നുമാണ് വിശദീകരണം.

നിലവിലുള്ള ചട്ടങ്ങളനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കാനാവില്ല എന്ന കേന്ദ്ര തീരുമാനം വ്യാപക പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. “കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി സഹായത്തിന്റെ ആദ്യ ഘട്ടം മാത്രമാണ്. ചട്ടങ്ങളനുസരിച്ച് ആഘാതങ്ങള്‍ വിലയിരുത്തിയതുനുശേഷം എന്‍.ഡി.ആര്‍.എഫില്‍ നിന്നും കൂടുതല്‍ തുക വകയിരുത്തും” സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Also Read: യു.എ.ഇ സഹായം കിട്ടാന്‍ നയം തിരുത്തണം; കേന്ദ്രസര്‍ക്കാറിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം

നേരത്തേ ആഭ്യന്തര മന്ത്രാലയം അനുവദിച്ച 100 കോടിയും, പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ അനുവദിച്ച 500 കോടിയും മാത്രമേ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചുള്ളൂ എന്ന വിമര്‍ശനം വ്യാപകമായിരുന്നു. 20,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാവുകയും, മുഖ്യമന്ത്രി 2600 കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സ്ഥാനത്താണ് കേന്ദ്രം 600 കോടി മാത്രം അനുവദിച്ചിരുന്നത്.

ഇതിനു പുറമേ, യു.എ.ഇയില്‍ നിന്നും ലഭിച്ച 700 കോടിയടക്കമുള്ള വിദേശസഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയും, ദുരിതാശ്വാസമായി പ്രഖ്യാപിച്ച അരിയുടെ ചെലവിലേക്ക് 223 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ, എന്‍.ഡി.എ സര്‍ക്കാരിനെതിരായ വികാരം രാജ്യത്തെങ്ങും ശക്തിപ്രാപിച്ചിരുന്നു. വിമര്‍ശനം കടുത്തതോടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയതെന്നാണ് വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more