| Friday, 29th August 2025, 5:41 pm

ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നതിനെ 60 ശതമാനം അമേരിക്കക്കാരും എതിര്‍ക്കുന്നു; ഫലസ്തീന് കൂടുതല്‍ ജനപിന്തുണ; സര്‍വേ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്ക് യു.എസിലെ യുവതലമുറയുടെ പിന്തുണയില്ലെന്ന് തെളിയിക്കുന്ന പുതിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. ഇസ്രഈലിനായി അമേരിക്ക സൈനിക സഹായം നല്‍കുന്നതിനെ ഭൂരിപക്ഷം അമേരിക്കക്കാര്‍ എതിര്‍ക്കുന്നുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

ക്വിന്നിപിയാക് സര്‍വകലാശാല നടത്തിയ പുതിയ സര്‍വേ പ്രകാരം, 60 ശതമാനം പേര്‍ ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നത് എതിര്‍ക്കുകയാണെന്നും 32 ശതമാനം ആളുകള്‍ മാത്രമാണ് ഇതിനെ പിന്തുണക്കുന്നതെന്നും കണ്ടെത്തി.

ഗസയില്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല സര്‍വേ നടത്തിയത്. 2023 നവംബര്‍ രണ്ടിന് ഹമാസ് ഇസ്രഈല്‍ ആക്രമിച്ച സംഭവത്തിന് ശേഷം നടത്തിയ സര്‍വേകളില്‍ അമേരിക്കക്കാര്‍ ഏറ്റവും കുറഞ്ഞ ഇസ്രഈല്‍ പിന്തുണ കാണിച്ചത് ഈ സര്‍വേ റിപ്പോര്‍ട്ടിലാണ്.

സര്‍വേയില്‍ വോട്ട് രേഖപ്പെടുത്തിയ 75 ശതമാനം ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരും ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നത് എതിര്‍ക്കുന്നുണ്ട്. സ്വതന്ത്രര്‍ക്ക് ഇടയില്‍ 66 ശതമാനവും എതിര്‍പ്പ് രേഖപ്പെടുത്തി.

എന്നാല്‍ റിപ്പബ്ലിക്കന്മാരില്‍ 56 ശതമാനവും ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നതിനെ പിന്തുണയ്ക്കുമ്പോള്‍ 36 ശതമാനം മറിച്ചുള്ള അഭിപ്രായവും രേഖപ്പെടുത്തി. അതേസമയം, യുവാക്കളായ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ ഇസ്രഈലിനുള്ള പിന്തുണയില്‍ നിന്നും പിന്നോട്ട് വലിയുന്ന നിലപാടാണ് സ്വീകരിച്ചത്.

ഇസ്രഈലിനോടാണോ ഫലസ്തീനിനോടാണോ അനുഭാവമെന്ന ചോദ്യത്തിന് 37 ശതമാനം അമേരിക്കക്കാര്‍ ഫലസ്തീനികളെ തെരഞ്ഞെടുത്തപ്പോള്‍ 36 ശതമാനം പേരാണ് ഇസ്രഈലിനെ പിന്തുണച്ചത്. 27 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. 2001 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഫലസ്തീന്‍ പിന്തുണയാണിതെന്നാണ് ക്വിന്നിപിയാക്കിന്റെ വിലയിരുത്തല്‍.

ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തുകയാണെന്നാണ് 50 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി. 35 ശതമാനം ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഡെമോക്രാറ്റുകള്‍ക്കിടയില്‍ 77 ശതമാനം പേര്‍ ഇസ്രഈലിന്റെത് വംശഹത്യയാണെന്ന് കരുതുമ്പോള്‍ റിപ്പബ്ലിക്കന്മാരില്‍ 20 ശതമാനം പേര്‍ക്കാണ് ഈ അഭിപ്രായമുള്ളത്. സ്വതന്ത്രരില്‍ 51 ശതമാനവും ഇസ്രഈലിന്റെ വംശഹത്യയെ തിരിച്ചറിയുന്നുണ്ട്.

ഫലസ്തീനുള്ള പിന്തുണ ഗണ്യമായി ഉയരുന്ന രീതിയില്‍ തന്നെ, ഇസ്രഈലിന് സൈനിക സഹായം നല്‍കാനുള്ള പിന്തുണയില്‍ ഇടിവും സംഭവിക്കുന്നുണ്ടെന്ന് സര്‍വേ വിശകലനം ചെയ്തുകൊണ്ട് ക്വിന്നിപിയാക് സര്‍വകലാശാലയില്‍ നിന്നുള്ള ടിം മല്ലോയി പറയുന്നു.

ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നതിനെ പിന്തുണക്കുന്ന യു.എസ് ഭരണകൂടത്തിനും എതിര്‍ക്കുന്ന അമേരിക്കന്‍ ജനതക്കും ഇടയിലെ ഭിന്നതയാണ് ഈ സര്‍വേ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇസ്രഈലിലേക്ക് 675 ദശലക്ഷം ഡോളര്‍ വിലവരുന്ന ബോംബുകളും ഗൈഡന്‍സ് കിറ്റുകളും, 20,000 അക്രമ റൈഫിളുകളും അയക്കുന്നത് തടഞ്ഞുകൊണ്ടുള്ള ജൂലൈയിലെ പ്രമേയത്തിന് സെനറ്റിലെ ഭൂരിപക്ഷ ഡെമോക്രാറ്റുകളും രണ്ട് സ്വതന്ത്ര അംഗങ്ങളും പിന്തുണ നല്‍കിയിരുന്നു. എങ്കിലും മുഴുവന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ എതിര്‍ത്തതോടെ ഇത് പാസായില്ല.

അന്ന് അത്രയേറെ ഡെമോക്രാറ്റുകള്‍ പ്രമേയത്തിന് പിന്തുണ നല്‍കിയത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെ ഇസ്രാഈലിന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന പ്രമേയം ഡെമോക്രാറ്റ് അംഗങ്ങളില്‍ ഒരാള്‍ അവതരിപ്പിച്ചെങ്കിലും ഇതും പരാജയപ്പെട്ടിരുന്നു.

Content Highlight: 60 percent of Americans oppose providing military aid to Israel, more support for Palestine; survey report

We use cookies to give you the best possible experience. Learn more