ഗസ: അമേരിക്കയിലെ ജെൻസി വോട്ടർമാരിൽ ഏകദേശം 60 % പേരും ഇസ്രഈലിനേക്കാളും പിന്തുണയ്ക്കുന്നത് ഹമാസിനെയെന്ന് സർവേ.
ഹാർവാർഡ് സർവകലാശാല ദി ഹാരിസ് പോൾ, ഹാരിസ് എക്സ് എന്നിവയുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ.18നും 24നും ഇടയിൽ പ്രായമുള്ളവരിലാണ് സർവേ നടത്തിയത്. രജിസ്റ്റർ ചെയ്ത 2025 വോട്ടർമാരാണ് പങ്കെടുത്തത്.
‘ഇസ്രഈൽ -ഹമാസ് സംഘർഷത്തിൽ, നിങ്ങൾ ഇസ്രഈലിനെയാണോ ഹമാസിനെയാണോ കൂടുതൽ പിന്തുണയ്ക്കുന്നത്’ എന്ന ചോദ്യമാണ് പ്രധാനമായും ഉന്നയിച്ചത്.
പ്രായം, ലിംഗഭേദം, പ്രദേശം, വംശം, വരുമാനം, വിദ്യാഭ്യാസം, രാഷ്ട്രീയ ചായ്‌വ്, പ്രത്യയശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് സർവേ ഫലങ്ങൾ ക്രമീകരിച്ചിരിക്കുന്നത്
പ്രായമായവർ ഇസ്രഈലിനെ പിന്തുണയ്ക്കുമ്പോൾ യുവ വോട്ടർമാർ ഹമാസിനെ പിന്തുണയ്ക്കുന്നതായാണ് സർവേ പറയുന്നത്.
ഗസയിലെ മാനുഷിക പ്രതിസന്ധി, രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, വംശഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവയും സർവേ പരിശോധിച്ചു.
ഗസയെ തകർക്കുന്നതിനായി ഇസ്രാഈലിന്റെ സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് സർവേ ഫലം പുറത്ത് വന്നത്.
2023 ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച യുദ്ധത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 63,500 ഫലസ്തീനികളാണ്
ഇതുവരെ കൊല്ലപ്പെട്ടത്. തുടർന്ന് കടുത്ത ക്ഷാമത്തിലാണ് ഫലസ്തീൻ ജനത.
ഫലസ്തീൻ വംശഹത്യയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇസ്രഈൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) വംശഹത്യാ കേസും നേരിടുന്നുണ്ട്.
Content Highlight: 60% of US voters support Hamas; Survey