| Saturday, 26th September 2026, 8:32 pm

DOOL IN DEPTH- ബംഗാളിലെ ബി.ജെ.പി ഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നാല് മാസത്തിനിടെ നടന്നത് 60 അതിക്രമങ്ങള്‍; ഇന്ത്യാ ഹേറ്റ് ലാബ് പഠനം പൂര്‍ണരൂപത്തില്‍

അഞ്ജു ചന്ദ്രന്‍

പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവ സമൂഹത്തിനും അവരുടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കും നേരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി ‘ഇന്ത്യ ഹേറ്റ് ലാബ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണമുന്നയിച്ച് ക്രിസ്ത്യന്‍ വീടുകളിലെ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, ആരാധനാലയങ്ങള്‍, മറ്റ് ക്രിസ്ത്യന്‍ സമ്മേളനങ്ങള്‍ എന്നിവയ്ക്ക് നേരെ അതിക്രമണം നടത്തിയ 52 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നേരിട്ടുള്ള ശാരീരിക ആക്രമണങ്ങളും വധശ്രമങ്ങളും വസ്തുവകകള്‍ നശിപ്പിക്കലും നടന്ന എട്ട് സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് വിദ്വേഷ പ്രസംഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും പരസ്യമായി പൊതുഇടങ്ങളില്‍ നടത്തുന്നുമുണ്ട്.

ഈ അതിക്രമങ്ങള്‍ പലപ്പോഴും പൊലീസിന്റെ സാന്നിധ്യത്തിലാണ് നടക്കുന്നത്. അതിക്രമത്തിന് ഇരയായ ക്രൈസ്തവ വിശ്വാസികളെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന രീതിയും കണ്ടുവരുന്നു.

റാണീഗഞ്ച്, ഹല്‍ദിയ, മിഡ്‌നാപ്പൂര്‍, പുരുലിയ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വി.എച്ച്.പി, ബജ്‌റംഗ് ദള്‍, ഹിന്ദു ജാഗരണ മഞ്ച് തുടങ്ങിയ സംഘടനകള്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് പിന്തുണ ഉണ്ടായതായി ജനങ്ങള്‍ പറയുന്നു.

ഇതിനുപുറമേ, ഹിന്ദുത്വ സംഘടനകള്‍ അവിടെ നടത്തുന്ന അതിക്രമങ്ങളും ചോദ്യം ചെയ്യലുകളും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യാനുണ്ട്.

മുന്‍കാലങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ അതിക്രമിച്ചു കയറുന്ന സംഭവങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയ മേയ് മാസത്തിന് ശേഷം തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു.

സെപ്റ്റംബര്‍ പകുതിയോടെ ഇവ കൂടുതല്‍ തീവ്രമായി മാറി. ഭരണകൂടത്തിന്റെ അനുമതിയോടെ നടക്കുന്ന ഒരു സംഘടിത പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പശ്ചിമ ബംഗാളില്‍ മതപരമായ പ്രാര്‍ത്ഥനകളും ആരാധനാ കൂട്ടായ്മകള്‍ പോലും ഇന്ന് നിരീക്ഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും സംഘര്‍ഷത്തിന്റെയും നിരന്തര വേദികളായി മാറുകയാണ്.

2026 മേയ് 13 മുതല്‍ സെപ്റ്റംബര്‍ 20 വരെ സംസ്ഥാനത്തെ 13 ജില്ലകളിലായി ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കുറഞ്ഞത് 60 അതിക്രമങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തു.

പ്രാര്‍ത്ഥനാ യോഗങ്ങളിലെ റെയ്ഡുകള്‍ മുതല്‍ ആക്രമണം, ആള്‍ക്കൂട്ട അക്രമം, നശീകരണം, പൊതു അപമാനം തുടങ്ങിയ സംഭവങ്ങളും പട്ടികയിലുണ്ട്.

ക്രൈസ്തവരെ വേട്ടയാടിയ 52 അതിക്രമങ്ങള്‍

ഇന്ത്യ ഹേറ്റ്‌ലാബിന്റെ കണക്കുകള്‍ പ്രകാരം ക്രിസ്ത്യാനികള്‍ക്കെതിരായ 60 സംഭവങ്ങളില്‍ 52 എണ്ണം സ്വകാര്യ പ്രാര്‍ത്ഥനാ യോഗങ്ങള്‍, വീടുകള്‍, പള്ളികള്‍, മറ്റ് ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ എന്നിവിടങ്ങളിലേക്ക് നടത്തിയ കടന്നുകയറ്റങ്ങളാണ്.

മറ്റ് എട്ട് സംഭവങ്ങളില്‍ ശാരീരിക ആക്രമണം, ആള്‍ക്കൂട്ട അക്രമം, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള അഞ്ച് വിദ്വേഷ പ്രസംഗ പരിപാടികളും മതപരിവര്‍ത്തനം ആരോപിച്ച് നടത്തിയ മൂന്ന് പ്രതിഷേധങ്ങളും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില ജില്ലകളിലെ ക്രിസ്ത്യന്‍ സമുദായ അംഗങ്ങളെ ലക്ഷ്യമിട്ട് ഇത്തരം അതിക്രമങ്ങല്‍ നടക്കുന്നുണ്ട്. സൗത്ത് 24, പര്‍ഗാനാസിലും പശ്ചിമ മേദിനിപൂരിലും 13 വീതം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടന്നതായും ഐ.എച്ച്.എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ഹിന്ദു സുരക്ഷാ സമിതി, ഹിന്ദു ഏകതാ മഞ്ച്, ഹിന്ദു സംഘതി തുടങ്ങിയ സംഘടനകളുടെ അംഗങ്ങള്‍ ഈ ആക്രമണങ്ങളിലെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ ആക്രമണങ്ങളെല്ലാം സമാനമായ ഒരു രീതിയാണ് പിന്തുടരുന്നത്. ഹിന്ദുത്വ സംഘടനകളിലെ പ്രാദേശിക അംഗങ്ങള്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരുന്ന സ്വകാര്യ വീടുകളിലോ പള്ളികളിലോ വാടകയ്‌ക്കെടുത്ത സ്ഥലങ്ങളിലോ അതിക്രമിച്ച് കയറുകയും, മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് സംഘാടകരെ ചോദ്യം ചെയ്യുകയും പങ്കെടുത്തവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്യുന്നു.

ജൂലൈ 8ന് സന്ദേശ്ഖാലിയില്‍ വി.എച്ച്.പി, ബി.ജെ.പി അംഗങ്ങള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുകയും, പ്രദേശവാസികളുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ക്രിസ്തുമതം ‘ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഓഗസ്റ്റ് 30ന് ഉത്തര്‍ ദിനാജ്പൂരിലെ ഹിംഗല്‍ഗഞ്ചില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് അംഗങ്ങള്‍ പ്രാര്‍ത്ഥനായോഗം തടസപ്പെടുത്തുകയും, അര്‍ജന്റീനയില്‍ നിന്നുള്ള മിഷനറിയോട് ഗീതയ്ക്ക് പകരം എന്തുകൊണ്ടാണ് ബൈബിള്‍ വായിക്കുന്നതെന്ന് ചോദ്യം ചെയ്യുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

‘മതപരിവര്‍ത്തനം’ ആരോപണം; പ്രാര്‍ത്ഥനാ യോഗങ്ങളിലേക്ക്

റിപ്പോര്‍ട്ട് പ്രകാരം പല സംഭവങ്ങളിലും ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ സ്ഥലങ്ങളിലേക്ക് ഹിന്ദുത്വ സംഘങ്ങള്‍ എത്തുകയും സംഘാടകരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും വിശ്വാസികളെ ചോദ്യം ചെയ്യുകയും ചെയ്തു.

ചില സംഭവങ്ങളില്‍ പങ്കെടുക്കുന്നവരോട് ആധാര്‍ കാര്‍ഡ് കാണിക്കാനും ആവശ്യപ്പെട്ടതായി ഐ.എച്ച്.എല്‍ രേഖപ്പെടുത്തുന്നു. ചന്ദ്രകോണ, ഗോസാബ, ബസന്തി, കാനിങ് തുടങ്ങിയ പ്രദേശങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്.

ആക്രമണത്തിന്റെ മറ്റൊരു മുഖം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം

മതപരമായ തിരിച്ചറിയലിനൊപ്പം ക്രിസ്ത്യന്‍ സ്ത്രീകളുടെ വസ്ത്രധാരണവും വിവാഹ ചിഹ്നങ്ങളും ഹിന്ദുത്വ സംഘടനകള്‍ നിരന്തരം ചോദ്യം ചോദ്യം ചെയ്യുന്നു.

ബംഗാളി സ്ത്രീകളില്‍ സാധാരണ കാണുന്ന ശാഖപോള, വളകള്‍, സിന്ദൂരം എന്നിവ ധരിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്യുകയും അവ നീക്കം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്ത സംഭവങ്ങളുമുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന് പുര്‍ബ മേദിനിപൂരിലെ രാംനഗറില്‍ ഹിന്ദു ദേശീയവാദികള്‍ ക്രിസ്ത്യന്‍ സ്ത്രീകളോട് ശാഖപോള നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. കുല്‍പ്പിയില്‍ സെപ്റ്റംബര്‍ ആറ്, 11 തീയതികളിലും സമാനമായ ഉപദ്രവങ്ങള്‍ നടന്നു.

ജൂലൈ 18ന് ബറൂയിപ്പൂരില്‍, ബൈബിള്‍ കൈയ്യിലേന്തുകയും ശാഖപോളയും സിന്ദൂരവും ധരിക്കുകയും ചെയ്ത ക്രിസ്ത്യന്‍ സ്ത്രീകളെ ഒരു സംഘം പിന്തുടര്‍ന്ന് അധിക്ഷേപിക്കുകയും, മതം മാറിയതിലൂടെ സ്വന്തം ജാതിയും സമൂഹവും ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് ബാരക്ക്പൂരില്‍, മതപരിവര്‍ത്തനത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് വി.എച്ച്.പി, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നിരവധി ക്രിസ്ത്യന്‍ സ്ത്രീകളെ പരസ്യമായി കെട്ടിയിട്ട് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.

ഭീഷണികള്‍ക്ക് പുറമെ, ശാരീരിക ആക്രമണങ്ങളിലേക്കും ആള്‍ക്കൂട്ട അക്രമങ്ങളിലേക്കും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ നശിപ്പിക്കുന്നതിലേക്കും വഴിമാറി. ജൂണ്‍ 10ന് സൗത്ത് 24 പര്‍ഗാനാസിലെ ഒരു പള്ളി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ തകര്‍ത്തു.

ജൂലൈ അഞ്ചിന് സുഭാഷ്ഗ്രാമില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന കുരിശുകള്‍ തകര്‍ക്കുകയും ചെയ്തു.

അതേ ദിവസം ഹൗറയില്‍, മതപരിവര്‍ത്തനം ആരോപിച്ച രണ്ട് പേരെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് തെരുവിലൂടെ വലിച്ചിഴയ്ക്കുകയും, പൊലീസിന്റെ സാന്നിധ്യത്തില്‍ പുരുഷന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്.

കൂടാതെ സെപ്റ്റംബര്‍ 11ന് കൊല്‍ക്കത്തയില്‍ പ്രാര്‍ത്ഥനായോഗത്തിന് നേരെ ആക്രമണമുണ്ടാകുകയും പങ്കെടുത്തവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

മതപരമായ ചടങ്ങുകളെ മാത്രം ചുറ്റിപ്പറ്റിയുള്ള പ്രശ്‌നമല്ല ഇവിടെ ഉയരുന്നത്. ഒരു വ്യക്തിയുടെ മതപരമായ തിരിച്ചറിയല്‍, വസ്ത്രധാരണം, സ്വകാര്യ ആരാധന എന്നിവയിലേക്ക് വരെ ഇടപെടലുകള്‍ എത്തിയെന്ന ഭീതിപ്പെടുത്തുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.

പൊലീസും ആക്രമങ്ങള്‍ക്ക് കൂട്ടു നിന്നു

റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഭാഗം സംഭവങ്ങളില്‍ പൊലീസ് സാന്നിധ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ്. ചില ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് ഹിന്ദു സംഘടനകളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ തന്നെ കസ്റ്റഡിയിലെടുത്ത സംഭവങ്ങളുമുണ്ട്.

റാണിഗഞ്ച്, ചൈതന്യപൂര്‍, മേദിനിപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സംഭവങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചത് ബി.ജെ.പി ഭരണത്തിന് കീഴില്‍

2026 മേയ് 9ന് സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നു.

മേയ് 13 മുതല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണ സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ അവയുടെ എണ്ണം വര്‍ധിക്കുകയുമാണ് ചെയ്തത്.

സെപ്റ്റംബര്‍ 19നും 20നും മാത്രം 48 മണിക്കൂറിനിടെ അഞ്ച് റെയ്ഡുകള്‍ ക്രിസ്ത്യന്‍ പള്ളികളിലും മറ്റും നടത്തിയിരുന്നു.

Content Highlights: 60 incidents of violence against Christians in Bengal over four months; full report by India Hate Lab.


അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more