| Wednesday, 3rd September 2025, 10:01 am

കേന്ദ്ര അനുമതി ലഭിച്ചില്ല; കേരളത്തില്‍ ഉപേക്ഷിച്ചത് 6 ചെറുകിട ജലവൈദ്യുത പദ്ധതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനിരുന്ന കേരളത്തിലെ ആറ് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഉപേക്ഷിച്ചു. കോട്ടയം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ പദ്ധതികളാണ് ഉപേക്ഷിച്ചത്.

തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ്‌റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഹൈഡ്രോ പ്രമോഷന്‍ സെല്‍ വഴി ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ബി.ഒ.ഒ.ടി) അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളാണ് പ്രാരംഭഘട്ടത്തില്‍ തന്നെ അടച്ചുപൂട്ടേണ്ടി വന്നത്.

ഇടുക്കിയിലെ തൂവല്‍ (ഒരു മെഗാവാട്ട്), തോണിയാര്‍ (2.6 മെഗാവാട്ട്), അവര്‍കുട്ടി (10 മെഗാവാട്ട്), കോട്ടയത്തെ ആനക്കല്‍ (2 മെഗാവാട്ട്), തൃശൂരിലെ കണ്ണന്‍കുഴി (7.5 മെഗാവാട്ട്), കണ്ണൂരിലെ കാഞ്ഞിരക്കൊല്ലി തുടങ്ങിയ പദ്ധതികളാണ് കേന്ദ്രസര്‍ക്കാരിന്റെ വനാനുമതി ലഭിക്കാത്തതിനാല്‍ റദ്ദ് ചെയ്യപ്പെട്ടത്.

ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ബി.ഒ.ടി) വ്യവസ്ഥയില്‍ വിവിധ ജില്ലകളിലായി 24 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ കമ്മീഷന്‍ ചെയ്തത് ഏഴെണ്ണം മാത്രമാണ്. ആറ് എണ്ണം പൂര്‍ണമായി ഉപേക്ഷിച്ചപ്പോള്‍, 11 പദ്ധതികള്‍ വനാനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ്.

കേന്ദ്ര അനുമതി വൈകിയാല്‍ ഈ പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക പ്രായോഗികതാ രേഖകള്‍ക്ക് അനുമതി ലഭിച്ച് കഴിഞ്ഞാല്‍ 36, 20 ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മറ്റ് 11 പദ്ധതികളും നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ഇതുവരെയും കമ്മീഷന്‍ ചെയ്യാനായിട്ടില്ല.

Content Highlight: 6 small hydropower projects abandoned due to lack of central approval

We use cookies to give you the best possible experience. Learn more