| Thursday, 4th September 2025, 10:52 pm

ഓണക്കാലത്ത് 56.5 ലക്ഷം ഉപഭോക്താക്കള്‍; 385 കോടിയുടെ വിറ്റുവരവ്; റെക്കോഡുമായി സപ്ലൈകോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്ത് റെക്കോഡുകള്‍ തിരുത്തി സപ്ലൈകോ. 385 കോടിയുടെ വിറ്റുവരവാണ് ഉത്രാടദിനം വരെ രേഖപ്പെടുത്തിയിരിക്കുന്നത്. സബ്‌സിഡി ഉത്പന്നങ്ങളുടെ വിറ്റു വരവ് 180 കോടിയും, സബ്‌സിഡി ഇതര ഇനങ്ങളുടേത് 205 കോടിയുമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

ജില്ലാ ഓണം ഫെയറുകള്‍ തുടങ്ങിയ സപ്ലൈകോയുടെ പ്രത്യേകസ്റ്റാളുകളിലൂടെ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാലു വരെയുള്ള വിറ്റു വരവ് 194 കോടി രൂപയാണ്. ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റു വരവ് 5.12 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു.

സെപ്റ്റംബര്‍ 3 വരെ 1.19 ലക്ഷം ക്വിന്റല്‍ അരി വില്‍പ്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റര്‍ ശബരി വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റര്‍ കേര വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി.

ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലാം തീയതി ഉച്ചവരെ 56 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഇതും റെക്കോഡ് നേട്ടമാണ്.

സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയുടെ വില്‍പ്പന ഓഗസ്റ്റ് 27 ന് രേഖപ്പെടുത്തി. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വില്‍പ്പന, റെക്കോര്‍ഡുകള്‍ ഭേദിച്ചെന്നാണ് സപ്ലൈകോ അറിയിച്ചത്.

ഓഗസ്റ്റ് 29ന് വില്‍പ്പന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബര്‍ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു.

അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തിയ സപ്ലൈകോ, വിപണിയിലെ വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടഞ്ഞു.

മഞ്ഞ കാര്‍ഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനത്തില്‍ ഉച്ചയോടെ തന്നെ 90 ശതമാനം പൂര്‍ത്തിയായി.

ഓണക്കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സപ്ലൈകോയുടെ ദിവസവേതന പായ്ക്കിങ് കരാര്‍ തൊഴിലാളികളുള്‍പ്പടെയുള്ള ജീവനക്കാര്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കും ജി.ആര്‍ അനില്‍ അഭിനന്ദനങ്ങളും ഓണാശംസയും അറിയിച്ചു.

Content Highlight: 56.5 lakh customers during Onam; turnover of Rs 385 crore; Supplyco creates record

We use cookies to give you the best possible experience. Learn more