ടോക്‌സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി അനുപമ പരമേശ്വരൻ. നാർസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയപ്പോൾ തനിക്ക് ജീവിതത്തിൽ ലഭിച്ച തിരിച്ചറിവുകൾ ധന്യ വർമയുമായുള്ള അഭിമുഖത്തിൽ പങ്കുവെക്കുകയാണ് അനുപമ.
മലയാളത്തിന് പുറമെ മറ്റു അന്യഭാഷകളിൽ വർക്ക് ചെയ്യുമ്പോൾ ഒരു അഭിനേതാവ് എന്ന നിലയിൽ വേണ്ട ക്വാളിറ്റിയായി കാണുന്നത് എന്താണെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് അനുപമ പരമേശ്വരൻ.
അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube
‘എനിക്ക് തോന്നുന്നു ആദ്യം വേണ്ട ക്വാളിറ്റി നാണം ഇല്ലായ്മ ആണ്, എന്ന് വച്ചാൽ തെറ്റുകൾ വരുത്താൻ ഒരിക്കലും പേടിക്കരുത്. നമ്മുടെ ലോകത്തിന്റെ ഒരു പ്രശ്നം, നമ്മൾ എപ്പോഴും പെർഫെക്റ്റ് ആയിരിക്കണം.
ഉദാഹരണത്തിന്, ഞാൻ ഈ അടുത്ത് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കണ്ട ഒരു കമന്റായിരുന്നു, നിന്നെ കാണാൻ ഭയങ്കര അഗ്ലി ആണ്, കാണാൻ ആവറേജ് ആയിട്ടുള്ള ആളാണ്, അവന് ഇതിലും നല്ല പെൺകുട്ടിയെ കിട്ടും എന്ന്. അത് വന്നത് ഒരു നാൽപ്പത്തഞ്ചു വയസ്സൊക്കെ ഉള്ള ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്നായിരുന്നു,’ നടി പറഞ്ഞു.
തന്നെ നിസ്സഹായയാക്കാൻ പറഞ്ഞ ആ കമന്റ് തനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു അഭിനന്ദനമായിട്ടാണ് കാണുന്നതെന്ന് പറയുകയാണ് അനുപമ. കോമ്പറ്റിഷൻ ഉള്ള ഒരു ഫീൽഡിൽ പന്ത്രണ്ടു വർഷം പിടിച്ചുനിൽക്കുക എന്ന് പറയുന്നത് തന്റെ കഴിവ് കൊണ്ട് മാത്രമാണെന്നും അതിൽ തനിക്ക് എന്നും അഭിമാനമുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.
‘എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റും അത് തന്നെയായിരുന്നു. കാരണം, എന്നെപ്പോലെ ഒരു ആവറേജ് ലുക്കിംഗ് ആയിട്ടുള്ള ഒരു പെൺകുട്ടി ഇവിടെയിരുന്ന് പറയുന്നത് എല്ലാവരും കേൾക്കുന്നുണ്ട്.
കടുത്ത മത്സരമുള്ള ഒരു ഫീൽഡിൽ വേറെയൊരു സിനിമാ പശ്ചാത്തലവും ഇല്ലാതെ പന്ത്രണ്ടു വർഷം പിടിച്ചുനിൽക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായിട്ടുള്ള ഒരു കാര്യമാണ്. അത് എന്റെ കഴിവ് കൊണ്ട് നേടിയെടുത്ത ഒരു കാര്യം തന്നെയാണ്,’ അനുപമ പറഞ്ഞു.
മനുഷ്യർക്ക് ആവശ്യം വരുന്ന സമയത്ത് എന്തുകാര്യവും പഠിച്ചെടുക്കാൻ നമ്മൾ തയ്യാറാകും എന്നും, അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ പെർഫെക്ഷനിസം നോക്കാതെ അതിനുള്ള ശ്രമങ്ങൾ നടത്തുകയാണ് പ്രധാനമെന്നും അനുപമ വ്യക്തമാക്കി.
‘എല്ലാ കാര്യങ്ങളിലും പെർഫെക്ഷൻ എന്ന ആഗ്രഹം മാറ്റിവെക്കുക. നമ്മൾ ഓർഡിനറി ആണ്, തെറ്റുകൾ ഉണ്ടാകാം എന്നതൊക്കെ മനസിലാക്കുക. ഞാൻ ഇപ്പോഴും തെലുങ്ക് സംസാരിക്കുമ്പോൾ തെറ്റിക്കാറുണ്ട്. പക്ഷെ അത് ഓക്കെയാണ്, അവിടെ നമ്മൾ സംസാരിച്ച് കാര്യങ്ങൾ ആശയവിനിമയം നടത്താനാണ് ഭാഷ ഉപയോഗിക്കുന്നത്.
നമ്മൾ അതിനായി ഒരു എഫർട്ട് ഇടുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. പിന്നെ നമ്മൾക്ക് ആവശ്യം വരുന്ന സമയത്ത് നമ്മൾ അത് എങ്ങനെയായാലും പഠിച്ചെടുക്കും,’ അനുപമ പരമേശ്വരൻ പറഞ്ഞു.
അനുപമ പരമേശ്വരൻ. Photo. Screen grab/ Youtube