| Wednesday, 27th August 2025, 2:53 pm

ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ യു.പിയില്‍ നിന്നുള്ള 5000 വോട്ടര്‍മാര്‍; തെളിവുമായി ഇന്ത്യാ സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാരുടെ പട്ടികയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആയിരക്കണക്കിന് വോട്ടര്‍മാര്‍ ഉള്‍പ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ സഖ്യം.

വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള 5000ലേറെ വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് ഇന്ത്യാ സഖ്യം ആരോപിച്ചു.

ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ വോട്ടര്‍മാരാണ് ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ വാല്‍മികി നഗര്‍ നിയമസഭാ മണ്ഡലത്തിലാണ് സംശയമുയര്‍ന്ന വോട്ടര്‍മാരിലധികവും.

ഉത്തര്‍പ്രദേശിലെ ഖുശിനഗര്‍ ജില്ലയിലെ ഖഡ്ഡ മണ്ഡലത്തിലെ 45കാരന്റെ പേര് വാല്‍മികി നഗര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്.

തെരഞ്ഞെടുപ്പ് വിധി എന്‍.ഡി.എയ്ക്ക് അനുകൂലമാക്കാന്‍ വേണ്ടി നടത്തിയ അട്ടിമറി ശ്രമമാണിതെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാലയും ആര്‍.ജെ.ഡി എം.പി മനോജ് കുമാര്‍ ഝായും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളെ തള്ളിക്കൊണ്ട് വെസ്റ്റ് ചമ്പാരന്‍ ജില്ലാ ഭരണകൂടവും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസും രംഗത്തെത്തി.

ആഗസ്റ്റ് ഒന്നിന് പുറത്തുവിട്ട പട്ടിക, കരട് പട്ടിക മാത്രമാണെന്നും അന്തിമ വോട്ടര്‍ പട്ടികയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കരട് പട്ടിക പുറത്തുവിട്ടത് ആക്ഷേപങ്ങള്‍ പരിഹരിക്കാനും, വ്യാജവോട്ടുകള്‍ ഉള്‍പ്പടെയുള്ള പരാതികള്‍ ഉന്നയിക്കാനും വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

‘കൂടുതല്‍ വിവരങ്ങളോ തെളിവുകളോ ഇല്ലാതെയാണ് ആരോപണം. 5000ത്തോളം വോട്ടുകള്‍ ഉള്‍പ്പെട്ടെന്ന ഇന്ത്യ സഖ്യത്തിന്റെ ആരോപണം കാല്‍പനികം മാത്രമാണ്,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.

‘വാല്‍മികി നഗറിന് സമീപത്തെ നദികള്‍ കാരണം ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറുന്നത് പതിവാണ്. ഇത്തരത്തില്‍ ഒന്നിലേറെ തവണ അഡ്രസുകള്‍ രജിസ്റ്റര്‍ ചെയ്തതാകാം പരാതിക്ക് കാരണമായത്. വോട്ടര്‍ പട്ടികയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായ പുനപരിശോധന നടത്തും,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.

ഇരട്ട വോട്ടെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയ 45കാരന്റെ പേര് ഉത്തര്‍പ്രദേശിലെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Content Highlight: 5000 voters from UP in Bihar voter list

We use cookies to give you the best possible experience. Learn more