| Monday, 15th July 2019, 10:33 pm

പ്രൈമറി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 കുട്ടികള്‍ക്ക് ഷോക്കേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബല്‍റാംപുര്‍: ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 കുട്ടികള്‍ക്ക് ഷോക്കേറ്റു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു.

നയാനഗര്‍ വിഷ്ണുപുര്‍ പ്രദേശത്തെ പ്രൈമറി സ്‌കൂളിന് മുകളിലാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. കുട്ടികളെയെല്ലാം പരിക്കുകളോടെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല.

വൈദ്യുതി ലൈന്‍ പൊട്ടിവീഴുമ്പോള്‍ കുട്ടികള്‍ ആരും പൊട്ടിവീണ സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മഴവെള്ളം കെട്ടിനിന്നിരുന്നതിനാലാണ് കുട്ടികള്‍ക്ക് ഷോക്കേറ്റതെന്ന് ജില്ലാ മജിസ്ട്രേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നാണ് യോഗി അദിത്യനാഥിന്റെ ഉത്തരവ്. അശ്രദ്ധ കാണിച്ച് അപകടം വിളിച്ചു വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രണ്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉത്തരവാദികളായ എന്‍ജിനിയര്‍മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സ്‌കൂളുകള്‍ക്ക് സമീപത്തുകൂടി കടന്നുപോകുന്ന എല്ലാ വൈദ്യുതി ലൈനുകളും അടിയന്തരമായ മാറ്റിസ്ഥാപിക്കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more