തിരുവനന്തപുരം: വ്യാജ എന്റോള്‍മെന്റുകള്‍ വഴി യു.പി.എ സര്‍ക്കാരും കോണ്‍ഗ്രസും ആധാറിന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
എന്റോള്‍മെന്റുകള്‍ക്ക് ശേഷം ആധാറുള്ളവരെ കോണ്‍ഗ്രസ് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുവെന്നും അതുവഴി നിരവധി വ്യാജ വോട്ടര്‍മാരുണ്ടായെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
ഇക്കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും വോട്ടര്‍ പട്ടികകളുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലെ വോട്ടര്‍മാരേക്കാള്‍ അധികം ആധാര്‍ എങ്ങനെ ഉണ്ടായെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യം. 50 ലക്ഷം ആധാര്‍ ഉപയോക്താക്കള്‍ സംസ്ഥാനത്തുണ്ടെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടികളിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ പോസ്റ്റുകള്‍ക്ക് താഴെ ബി.ജെ.പിയെ പരിഹസിച്ചുള്ള കമന്റുകളാണ് ഉയരുന്നത്. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ഇത്തരം വ്യാജന്മാരുടെ വോട്ടുകള്‍ നേടിയായിരിക്കുമെന്നാണ് ഒരു പ്രതികരണം.
‘അന്യസംസ്ഥാനത്ത് തട്ടിപ്പ് നടത്തിയ ചിലര്‍ കേരളത്തില്‍ ഒളിച്ചു താമസിക്കുന്നുണ്ട്. 313 കോടിയുടെ കേസില്ലേ…. ചിലപ്പോ അവരായിരിക്കും,’ എന്നാണ് മറ്റൊരു കമന്റ്.
അടുത്തിടെ കര്‍ണാടകയിലെ 500 കോടി രൂപയുടെ ഭൂമി കുംഭകോണത്തില്‍ രാജീവ് ചന്ദ്രശേഖറിനും അദ്ദേഹത്തിന് നേരിട്ട് ബന്ധമുള്ള ബി.പി.എല്‍ കമ്പനിക്കും ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് മേല്‍പ്പറഞ്ഞ പ്രതികരണം.
ഇതൊക്കെ നിയന്ത്രിക്കുന്നത് മോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാരല്ലേ, കലുങ്ക് താമ്പ്രാന്‍ ജയിച്ചത് അങ്ങനെ അല്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ലക്ഷത്തിന് വാങ്ങിച്ച വസ്തു കോടിക്ക് കൊടുത്തില്ലേ അതുപോലെയാണെന്ന് കരുതിയാല്‍ മതിയെന്നും ചിലര്‍ പറയുന്നു. ശുദ്ധീകരണം നല്ലതാണെന്നും ദുരുദ്ദേശമാണ് കുഴപ്പമെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും എസ്.ഐ.ആറിന്റെ നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ ആരംഭിച്ചു.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്.ഐ.ആറിന് തുടക്കമായത്.
Content Highlight: 50 lakh Aadhaar, more than the population of Kerala; Rajeev Chandrasekhar alleges against Congress