2026 ടി – 20 ലോകകപ്പ് അവസാനത്തോടെ അടുക്കുകയാണ്. ഇനി ടൂര്‍ണമെന്റില്‍ രണ്ട് സെമി ഫൈനലുകളും ഒരു ഫൈനലും മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യക്കൊപ്പം സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ഫൈനലിസ്റ്റുകള്‍.
ഇന്ത്യൻ ടീം. Photo: BCCI/x.com
ആദ്യ സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. രണ്ടാം സെമി ഫൈനലിലാണ് ഇന്ത്യയിറങ്ങുന്നത്. ഇംഗ്ലണ്ടാണ് എതിരാളികള്‍. ഈ മത്സരത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ആരാധകരും ഇന്ത്യന്‍ ടീമും ഒരുപോലെ ആഗ്രഹിക്കുന്നത്.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു ഘടകം ടീമില്‍ തന്നെയുണ്ട്. ഇതുവരെ ടീം ടൂര്‍ണമെന്റില്‍ ജയിച്ച ആറ് മത്സരത്തിലും അഞ്ച് വ്യത്യസ്ത താരങ്ങളാണ് മാച്ച് വിന്നര്‍മാരായത്. ഇത് നീലപ്പടയ്ക്ക് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.
സൂര്യകുമാർ യാദവ്. Photo: BCCI/x.com
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ യു.എസ്.എയെ നേരിട്ടപ്പോള്‍ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. 49 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിയാണ് താരം ടീമിന് വിജയം സമ്മാനിച്ചത്.
രണ്ടാം മത്സരത്തില്‍ നമീബിയ എതിരാളികളായെത്തിയപ്പോള്‍ സൂര്യക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇത്തവണ ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ വിജയശില്പിയായി അവതരിച്ചു. താരം ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിളങ്ങിയാണ് കളിയിലെ താരമായത്. 28 പന്തില്‍ 52 റണ്‍സിനൊപ്പം നാല് ഓവറില്‍ വെറും 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും താരം നേടി.
അടുത്ത മത്സരത്തില്‍ പാകിസ്ഥാനെതിരെ ഹര്‍ദിക് ആദ്യ പന്തിൽ തന്നെ മടങ്ങി. അപ്പോള്‍ ഇഷാന്‍ കിഷന്‍ ടീമിന് കരുത്തേകി. താരം 40 പന്തില്‍ 77 റണ്‍സടിച്ചാണ് മെന്‍ ഇന്‍ ബ്ലൂവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇടം കൈയ്യന്‍ ബാറ്റര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി.
ഹർദിക് പാണ്ഡ്യയും ഇഷാൻ കിഷനും. Photo: BCCI/x.com
ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ വിജയശില്പി ശിവം ദുബെയായിരുന്നു. നെതര്‍ലാന്‍ഡ്‌സിനെതിരെ 31 പന്തില്‍ 66 റണ്‍സാണ് താരം നേടിയത്. കൂടാതെ, മൂന്ന് ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ശിവം ദുബെ. Photo: BCCI/x.com
ആദ്യ സൂപ്പര്‍ 8 മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് തോറ്റ ഇന്ത്യ സിംബാബ്‌വേയെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി. ഈ മത്സരത്തില്‍ ഒരിക്കല്‍ കൂടി ഹര്‍ദിക് കളിയിലെ താരമായി. ആദ്യം ബാറ്റെടുത്തപ്പോള്‍ 23 പന്തില്‍ 50 റണ്‍സെടുത്ത താരം വിക്കറ്റൊന്നും എടുത്തില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചു.
അടുത്തതായി ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത് വെസ്റ്റ് ഇന്‍ഡീസിനെയാണ്. ജീവന്‍ മരണ പോരാട്ടത്തില്‍ മലയാളികളുടെ പ്രിയങ്കരനായ സഞ്ജു സാംസണാണ് ടീമിന്റെ വിജയശില്പിയായത്. ആദ്യ ഓവറില്‍ ക്രീസിലെത്തിയ താരം അവസാന ഓവര്‍ വരെ ബാറ്റ് ചെയ്താണ് ഇന്ത്യയെ വിജയിപ്പിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും താരം പിടിച്ച് നിന്ന് നേടിയത് 50 പന്തില്‍ 91 റണ്‍സാണ്. അസാമാന്യ പോരാട്ട വീര്യം കാണിച്ച് ടീമിന് സെമി ഫൈനല്‍ സ്‌പോട്ട് സമ്മാനിച്ച ആരാധകരുടെ ചേട്ടന്‍ കളിയിലെ താരം എന്ന പട്ടവും സ്വന്തം പേരിലാക്കി.
സഞ്ജു സാംസൺ. Photo: BCCI/x.com
ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കളി മുന്നേറുമ്പോള്‍ അഞ്ച് വ്യത്യസ്ത താരങ്ങള്‍ ടീമിന് വിജയം സമ്മാനിച്ചുവെന്നത് ഇന്ത്യയ്ക്ക് വലയ പ്രതീക്ഷയാണ്. ഇവര്‍ക്കൊപ്പം മികച്ച പ്രകടനങ്ങളുമായി ടീമിലെ മറ്റുള്ള താരങ്ങളുമുണ്ടെന്നതും നീലപ്പടക്ക് ആത്മവിശ്വാസം നല്‍കും.
Content Highlight: 5 different players won player of the match for India in T20 World Cup 2026