| Sunday, 15th June 2025, 1:20 pm

ഒഡീഷയിലെ ജാജ്പൂരിൽ കോളറ പടർന്നുപിടിക്കുന്നു; അഞ്ച് മരണം, 500ഓളം പേർ ആശുപത്രിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വർ: ഒഡീഷയിൽ ജാജ്പൂരിൽ കോളറ പടർന്നുപിടിക്കുന്നു. ഒരാഴ്ചക്കിടെ അഞ്ച് മരണം. 500ഓളം പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. തുടർന്ന് ജാജ്പൂർ സന്ദർശിക്കാൻ ഒന്നിലധികം ഏജൻസികളിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന 14 അംഗ കേന്ദ്ര സംഘം എത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി), ഭക്ഷ്യസുരക്ഷ, ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) എന്നിവയിലെ വിദഗ്ധർ ഉൾപ്പെടുന്ന ഒരു സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിലുണ്ടാകും.

ജാജ്പൂരിലെ നാല് ബ്ലോക്കുകളെയും മറ്റ് നഗരപ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ കോളറ ബാധയുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എങ്കിലും ഒഡീഷയിലെ ഭദ്രക്, കിയോഞ്ജർ, കട്ടക്ക് എന്നീ ജില്ലകളിലെ ചില ഭാഗങ്ങളിൽ നിന്നും കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

‘ജാജ്പൂർ ജില്ലയിൽ നിന്ന് ലബോറട്ടറിയിലേക്ക് അയച്ച 41 മലം സാമ്പിളുകളിൽ എട്ടെണ്ണത്തിൽ വിബ്രിയോ കോളറ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രോഗബാധിതരുടെ എണ്ണം പതുക്കെ കുറഞ്ഞുവരികയാണ്,’ ഒഡീഷയിലെ പൊതുജനാരോഗ്യ ഡയറക്ടർ നീലകണ്ഠ മിശ്ര പറഞ്ഞു.

ഔദ്യോഗിക മരണസംഖ്യ അഞ്ച് ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും 11 പേർ വരെ മരണപ്പെട്ടിട്ടുണ്ടാകാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകളോട് പ്രതികരിച്ച മിശ്ര, മറ്റ് ആറ് കേസുകളിലെയും മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പറഞ്ഞു.

പ്രതിസന്ധി കണക്കിലെടുത്ത്, മൂന്ന് ദിവസത്തെ രാജ ഉത്സവത്തോടനുബന്ധിച്ച് ജൂൺ 14 മുതൽ 16 വരെയുള്ള എല്ലാ അവധി ദിനങ്ങളും ജാജ്പൂർ ജില്ലാ ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും തുറന്നിരിക്കും. കൂടാതെ ഉത്സവ വേളയിൽ ഉണ്ടാകാറുള്ള സമൂഹ വിരുന്നുകൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികൾ അവലോകനം ചെയ്ത ചീഫ് സെക്രട്ടറി മനോജ് അഹൂജ, ജലജന്യ രോഗങ്ങൾ പടരാതിരിക്കാൻ അയൽ ജില്ലകളോട് ജാഗ്രത പാലിക്കാൻ നിദേശിച്ചു.

Content Highlight: 5 deaths after cholera outbreak in Odisha’s Jajpur, hundreds hospitalised

We use cookies to give you the best possible experience. Learn more