| Saturday, 22nd August 2026, 2:15 pm

ബലാത്സംഗക്കേസ് ഒതുക്കാൻ അഞ്ച് കോടി ആവശ്യപ്പെട്ടു; പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

കെ.എസ് ഷാബിന

ന്യൂദൽഹി: പീഡനക്കേസ് ഒതുക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭാര്യ ഡോ. ഗുർപ്രീത് കൗർ മൻ അഞ്ച് കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി) അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് ചീഫ് സെക്രട്ടറിയോടും പൊലീസ് ഡയറക്ടർ ജനറലിനോടും കമ്മീഷൻ നിർദേശിച്ചു.

മുൻ പഞ്ചാബ് ജഡ്ജി ജസ്റ്റിസ് രഞ്ജിത് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് (എ.ടി.ആർ) സമർപ്പിക്കണമെന്നാണ് എൻ.എച്ച്.ആർ.സി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വനിതാ സുരക്ഷാ വിഭാഗത്തിനും കമ്മീഷൻ കൈമാറിയിട്ടുണ്ട.

എൻ.എച്ച്.ആർ.സി അംഗം പ്രിയങ്ക് കനൂൻഗോ അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ നടപടി സ്വീകരിച്ചത്. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് കമ്മീഷൻ പരാതി പരിഗണിച്ചത്.

പീഡനക്കേസ് സംബന്ധിച്ച് സ്വാധീനം ചെലുത്താനുള്ള ശ്രമം ഉണ്ടായെന്ന ആരോപണം ഇരയുടെ മാന്യത, സുരക്ഷ, നിഷ്പക്ഷമായ അന്വേഷണം, നീതി ലഭിക്കാനുള്ള അവകാശം എന്നിവയെ ബാധിക്കാനിടയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണങ്ങളിൽ സ്വതന്ത്രമായ പരിശോധന നടത്തണമെന്നും തെളിവുകൾ സംരക്ഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

ആരോപണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ ഡോ. ഗുർപ്രീത് കൗർ മൻ ജസ്റ്റിസ് രഞ്ജിത് സിങ്ങിന് നോട്ടീസ് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 24 മണിക്കൂറിനകം ആരോപണങ്ങളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി നൽകാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജസ്റ്റിസ് രഞ്ജിത് സിങ് കോൺഗ്രസ് നേതാവ് സുഖ്പാൽ സിങ് ഖൈറയുടെ ബന്ധുവാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു.

അതേസമയം, 5 കോടി ആവശ്യപ്പെട്ടെന്ന ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പഞ്ചാബ് സർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം വിഷയത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് എൻ.എച്ച്.ആർ.സി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: 5 Crore Sought to Suppress Rape Case; Human Rights Commission Notice to Punjab CM’s Wife

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more