| Sunday, 14th September 2025, 6:49 pm

അസമില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇന്ന് (ഞായര്‍) വൈകുന്നേരം 4.41ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉദല്‍ഗുരി ജില്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായത്.

ഭൂകമ്പത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

തലസ്ഥാന നഗരിയായ ഗുവഹാത്തിയിലും പ്രകമ്പനം ഉണ്ടായിട്ടുണ്ട്. ഭൂകമ്പത്തിന് സാധ്യതകളേറെയുള്ള പ്രദേശങ്ങളാണ് അസമിലുള്ളത്. 1950ല്‍ അസം-ടിബറ്റ് മേഖലയില്‍ 8.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 1897ല്‍ 8.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനവും രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ അസമിന് പുറമെ വടക്കന്‍ ബംഗാളിലും ഭൂട്ടാനിലും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ മേഖലകളിലും ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം കഴിഞ്ഞ രണ്ട് മാസങ്ങളായി കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്.

നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ പഞ്ചാബ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സത്‌ലജ്, ബിയാസ്, രവി എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പഞ്ചാബില്‍ ഉണ്ടായത്.

1988ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പഞ്ചാബ് നേരിട്ടത്. സംസ്ഥാനത്ത് 12 ജില്ലകളിലായി 29 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹിമാചല്‍ പ്രദേശും ജമ്മു കശ്മീരും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 1949ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് ഇത്തവണ ഹിമാചല്‍ പ്രദേശിലുണ്ടായത്. മൂന്നുറിലധികം ആളുകളാണ് വെള്ളപ്പൊക്കത്തിലും മറ്റുമായി മരിച്ചത്.

നിലവില്‍ ഹിമാചല്‍ പ്രദേശിലെ 1000ത്തിലധികം വരുന്ന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ജമ്മു കശ്മീരിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 33 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

മുന്‍ വര്‍ഷത്തേക്കാള്‍ മഴ ശക്തമായതോടെ ഉത്തരാഖണ്ഡ്, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും വടക്കന്‍ ബംഗാളും പ്രതിസന്ധി നേരിടുന്നുണ്ട്.

Content Highlight: 5.8 magnitude earthquake hits Assam

We use cookies to give you the best possible experience. Learn more