| Wednesday, 26th August 2026, 8:22 pm

മമ്മൂട്ടിയിലേക്കുള്ള ഒരു ഇടനിലക്കാരനായാണ് പലരും ഇപ്പോൾ എന്നെ കാണുന്നത്: രമേശ് പിഷാരടി

അജ്മല്‍ കെ

മമ്മൂട്ടിയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. അടുത്തിടെ മമ്മൂട്ടി കാറിലിരുന്ന് പിഷാരടിക്ക് ഉമ്മ നൽകുന്ന വീഡിയോ ശ്രദ്ധ നേടിയിരുന്നു. ആ വീഡിയോയ്ക്ക് പിന്നിലെ സാഹചര്യത്തെക്കുറിച്ചും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു പിഷാരടി. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്.

തിരഞ്ഞെടുപ്പ് ദിവസം നടന്ന യാദൃച്ഛികമായ കൂടിക്കാഴ്ചയ്ക്കിടെയാണ് ആ വീഡിയോ പകർത്തിയതെന്ന് പിഷാരടി പറഞ്ഞു. പാലക്കാട് നിന്ന് എറണാകുളത്ത് വോട്ട് ചെയ്യാനെത്തിയ താനും ചെന്നൈയിൽ നിന്ന് വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയും അന്നേ ദിവസം വഴിയിൽ വെച്ചാണ് കണ്ടുമുട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

രമേഷ് പിഷാരടി.Photo: Filmibeat

‘ആ മൊമെന്റ് തെരഞ്ഞെടുപ്പിന്റേതാണ്. ഞാൻ പാലക്കാട് നിന്ന് എറണാകുളത്ത് വോട്ട് ചെയ്യാൻ വന്നു. മമ്മൂക്ക ചെന്നൈയിൽ നിന്ന് വോട്ട് ചെയ്യാൻ വന്നു. ഞാൻ രാവിലെ തൃപ്പൂണിത്തുറ വന്ന് വോട്ട് ചെയ്തിട്ട് തിരിച്ച് പോകുകയായിരുന്നു. മമ്മൂക്ക അങ്ങോട്ട് വരികയായിരുന്നു. വഴിയിൽ വിളിച്ച് ഞാൻ പോകുകയാണ്, ഇന്ന് ഇലക്ഷൻ ഡേ ആണ്, റോഡ് ക്രോസ് ചെയ്യുമ്പോൾ കാണാം എന്ന് പറഞ്ഞതാണ്. അങ്ങനെയാണ് കണ്ടത്,’രമേഷ് പിഷാരടി പറഞ്ഞു.

മമ്മൂട്ടിക്ക് തന്നോടുള്ള സ്നേഹത്തിന്റെ കാരണം അന്വേഷിക്കേണ്ടതില്ലെന്നും ലഭിച്ച സൗഹൃദത്തെ അതുപോലെ തന്നെ വിലമതിച്ചാൽ മതിയെന്നുമാണ് പിഷാരടിയുടെ നിലപാട്.

‘എന്താണ് എന്നോട് ഇത്ര സ്നേഹം എന്നുള്ളത് നമ്മൾ അന്വേഷിക്കേണ്ടല്ലോ. ആരോ പറഞ്ഞതുപോലെ, നമുക്ക് ഒരു നിധി കിട്ടിയാൽ എന്തിനാണ് ഇത് എനിക്ക് കിട്ടിയത് എന്ന് ആലോചിക്കേണ്ട കാര്യമില്ല. കഷ്ടകാലം വന്നാൽ എന്തുകൊണ്ടാണ് വന്നതെന്ന് ആലോചിച്ചാൽ മതി. നല്ല കാലം വന്നപ്പോൾ എന്തുകൊണ്ട് വന്നു, നല്ലൊരു സൗഹൃദം എങ്ങനെ ഉണ്ടായി എന്നൊന്നും ചിന്തിക്കേണ്ടതില്ല,’ പിഷാരടി പറഞ്ഞു.

മമ്മൂട്ടിയെ മിസ് ചെയ്യാറില്ലെന്നും മിക്കവാറും ദിവസങ്ങളിലും അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നും പിഷാരടി വ്യക്തമാക്കി. സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങൾ ഉൾപ്പെടെ പല വിഷയങ്ങളും ഇരുവരും സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുമായുള്ള സൗഹൃദം മറ്റൊരു തരത്തിലുള്ള ഉത്തരവാദിത്വവും തനിക്ക് നൽകിയിട്ടുണ്ടെന്നാണ് പിഷാരടി പറയുന്നത്. ഇപ്പോൾ മമ്മൂട്ടിയോട് പറയാനുള്ള കഥകളുമായി പലരും തന്നെ സമീപിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

രമേഷ് പിഷാരടി.മമ്മൂട്ടി. Photo: Screengrab/ Youtube.com

‘എന്റെ അടുത്ത്‌ മമ്മൂക്കയോട് കഥ പറയാനുള്ള ആളുകൾ വരാറുണ്ട്. നല്ല കഥയുണ്ട്, ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കും. മമ്മൂട്ടിയിലേക്കുള്ള ഒരു ഇടനിലക്കാരനായാണ് പലരും ഇപ്പോൾ തന്നെ കാണുന്നത്,’രമേഷ് പിഷാരടി പറഞ്ഞു.

Content Highlight: Ramesh Pisharody talks about his friendship with Mammootty

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more