വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അധികാരപ്പെടുത്തുന്ന ബില്ലുമായി മുന്നോട്ടുപോകാന്‍ യു.എസ് പ്രതിനിധി സഭയുടെ അംഗീകാരം.
ഇറാനുമേലുള്ള ഉപരോധം നീട്ടാനും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. പ്രതിനിധി സഭ അംഗീകാരം നല്‍കിയാല്‍ ബില്ല് പ്രസിഡന്റിന്റെ പരിഗണനയിലെത്തും. ഇന്ന് (സെപ്തംബര്‍ 16, ബുധന്‍) സഭയില്‍ ബില്ലിന്മേല്‍ അന്തിമ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബില്ല് പ്രതിനിധി സഭ അംഗീകരിച്ചാല്‍ ട്രംപിന് ഒപ്പുവെക്കാനായി അയക്കും.
‘ലിന്‍ഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ് ഓഫ് 2026’ എന്ന ബില്ലാണ് സഭ പരിഗണിക്കുക. ബില്ല് പരിഗണിക്കുന്നതിനെ അനുകൂലിച്ച് പ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ അംഗങ്ങള്‍ക്ക് പുറമെ രണ്ട് ഡെമോക്രാറ്റുകളും ചൊവ്വാഴ്ച വോട്ട് ചെയ്തു. ഇതോടെ 211നെതിരെ 214 വോട്ടുകള്‍ക്ക് ഈ ബില്ലുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിക്കുകയായിരുന്നു.
ഓഗസ്റ്റ് ഏഴിന് യു.എസ് സെനറ്റ് ഈ ബില്ല് പാസാക്കിയിരുന്നു. എട്ടിനെതിരെ 11 വോട്ടിനായിരുന്നു ബില്ല് പാസാക്കിയത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കള്‍ക്കുമേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപിന് ഈ ബില്ല് അധികാരം നല്‍കും.
റഷ്യയുടെ വ്യാപാര പങ്കാളികളുടെ പേരുകള്‍ സെനറ്റ് പാസാക്കിയ ബില്ലില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ല. എന്നാല്‍ റഷ്യന്‍ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളെയാണ് ഇതില്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം ചൈനയും ഇതില്‍ ഉള്‍പ്പെടുന്നു. ചൈനയ്ക്കും ഇന്ത്യയ്ക്കും പുറമെ അസര്‍ബൈജാന്‍, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.
തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതിനാല്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. റഷ്യക്കെതിരെ ഉക്രെയ്നിനെ തങ്ങള്‍ പിന്തുണക്കുന്നുണ്ടെങ്കിലും ട്രംപിന്റെ അധികാരം വര്‍ധിപ്പിക്കുന്നതിനാല്‍ ബില്ലിനെ എതിര്‍ക്കുന്നുവെന്നാണ് ഒരു വിഭാഗം ഡെമോക്രാറ്റുകളുടെ നിലപാട്. മതിയായ സുരക്ഷാ മുന്‍കരുതലുകളില്ലാതെ ട്രംപിന് നിയന്ത്രണമില്ലാതെ തീരുവ അധികാരം നല്‍കുന്നതാണ് ബില്ലെന്നും ചില ഡെമോക്രാറ്റിക് അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉക്രെയ്ന്‍ അനുകൂല ഗ്രൂപ്പുകള്‍ യു.എസില്‍ നിന്ന് കൂടുതല്‍ പിന്തുണ തേടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്ന സമയത്താണ് ബില്ലിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നത്. റഷ്യയുടെ ക്രൂഡ് ഓയില്‍ വ്യാപാരമാണ് ഉക്രെയ്നിനെതിരായ യുദ്ധത്തിന് പണം നല്‍കുന്നതെന്ന് യു.എസ് അവകാശപ്പെട്ടിട്ടുണ്ട്.
ഈ നിയമനിര്‍മാണം ആത്യന്തികമായി ‘ഗുണത്തേക്കാളേറെ ദോഷം ചെയ്യും’ എന്ന് യു.എസ്. കോണ്‍ഗ്രസിലെ ജോയിന്റ് ഇക്കണോമിക് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം ഡോണ്‍ ബെയര്‍ പറഞ്ഞു. ഈ ബില്‍ പ്രസിഡന്റിന്റെ തീരുവ ചുമത്താനുള്ള അധികാരം വലിയ രീതിയില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. അത് റഷ്യയ്ക്കെതിരായ ഉപരോധം നടപ്പാക്കുന്നതില്‍ പരാജയപ്പെടുമെന്നും ഡെമോക്രാറ്റിക് നേതാക്കള്‍ പറയുന്നു.
ഈ വ്യവസ്ഥകള്‍ യു.എസില്‍ വിലക്കയറ്റത്തിന് കാരണമാകും. ഉക്രെയ്നിനുള്ള ദീര്‍ഘകാല പിന്തുണയെ ദുര്‍ബലപ്പെടുത്താനും സാധ്യതയുണ്ടെന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
കാനഡയും മെക്‌സിക്കോയും ഉള്‍പ്പെടെയുള്ള അമേരിക്കയുടെ പങ്കാളികള്‍ക്കെതിരെ ട്രംപ് മുന്‍കാലങ്ങളില്‍ തീരുവകള്‍ ഉപയോഗിച്ച രീതിയെക്കുറിച്ചുള്ള ആശങ്കകളാണ് ഈ എതിര്‍പ്പിന് അടിസ്ഥാനമെന്ന് ഡെമോക്രാറ്റിക് അംഗം റിച്ചാര്‍ഡ് നീല്‍ പറഞ്ഞു.
‘ഈ തീരുവകളുടെ ദുരുപയോഗപരമായ സ്വഭാവവും, സൗഹാര്‍ദത്തില്‍ പോയിരുന്ന രാജ്യങ്ങളെ അകറ്റാന്‍ ട്രംപ് അവ ഉപയോഗിച്ച രീതിയും കണക്കിലെടുക്കുമ്പോള്‍, അതിനുശേഷം നമുക്ക് എന്ത് സംരക്ഷണമാണുള്ളത് എന്ന് ആശങ്കയുണ്ട്,’ നീല്‍ തിങ്കളാഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlight: US House advances bill that could expose India to 100% Russian oil tariffs