| Wednesday, 17th December 2025, 1:52 pm

മമതയുടെ മണ്ഡലത്തില്‍ നിന്നും മാത്രം വെട്ടിയത് 45,000 വോട്ടുകള്‍; വീടുകള്‍ കയറി സൂക്ഷ്മപരിശോധന നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ശ്രീലക്ഷ്മി എ.വി.

കൊൽക്കത്ത: എസ്.ഐ .ആറിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിയമസഭ മണ്ഡലത്തിൽ നിന്ന് മാത്രം ഒഴിവാക്കിയത് 45,000 വോട്ടർമാരെ.

മമത ബാനർജിയുടെ നിയമസഭാ മണ്ഡലമായ ഭബാനിപൂരിലാണ് എസ്.ഐ.ആർ പ്രകാരം വോട്ടർപട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തത്.

വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ വീടുകൾ പരിശോധിക്കാൻ ബൂത്ത് ലെവൽ ഏജന്റുമാർക്ക് നിർദേശം നൽകിയതായി ടി.എം.സി വൃത്തങ്ങൾ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, 2025 ജനുവരി വരെ ഭബാനിപൂരിൽ 2,06,295 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഡ്രാഫ്റ്റ് പട്ടികയിൽ 1,61,509 പേരുകൾ മാത്രമാണെന്നും 44,787 വോട്ടർമാരെയാണ് നീക്കം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന എസ്.ഐ.ആറിന് ശേഷം ചൊവ്വാഴ്ചയാണ് പശ്ചിമബംഗാളിന്റെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

എസ്.ഐ .ആറിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ മരണം, കുടിയേറ്റം എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ 58 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

വോട്ടർ പട്ടികയിൽ നിരവധി വോട്ടർമാരെ മരിച്ചു, ഹാജരാകാത്ത എന്ന് അടയാളപ്പെടുത്തിയതിൽ ടി.എം.സി അതൃപ്തി അറിയിച്ചു.

വോട്ടർ പട്ടികയിൽ നിന്നും ഒരു സാഹചര്യത്തിലും സാധുവായ ഒരു വോട്ടറുടെയും പേര് നീക്കം ചെയ്യരുതെന്ന് പാർട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെന്ന് ടി.എം.സി ആവർത്തിച്ചു.

കൊൽക്കത്തയിലെ മുൻസിപ്പൽ കോർപറേഷൻ വാർഡുകളായ 63, 70, 71, 72, 73, 74, 77, 82 എന്നിവ ഉൾപ്പെടുന്നതാണ് ഭബാനിപൂർ.

70, 71, 72, 77 എന്നെ വാർഡുകളിലാണ് ഉയർന്ന തോതിലുള്ള ഒഴിവാക്കലുകൾ രേഖപ്പെടുത്തിയതെന്നും ന്യൂനപക്ഷ പ്രദേശമായ 77ാം വാർഡിലെ സൂക്ഷപരിശോധനയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ടി.എം.സി പറഞ്ഞു.

ഡോക്യുമെന്റേഷൻ, ഫോം പൂരിപ്പിക്കൽ, ഹിയറിംഗുകൾ എന്നിവയിൽ ആളുകളെ സഹായിക്കുന്നതിന് ‘മെ ഐ ഹെൽപ് യു’ ക്യാമ്പുകൾ തുടർന്നും പ്രവർത്തിക്കണമെന്ന് ടി.എം.സി പ്രാദേശിക യൂണിറ്റുകളോട് ആവശ്യപ്പെട്ടു.

ആവശ്യമെങ്കിൽ സന്നദ്ധപ്രവർത്തകർ വീടുകൾ സന്ദർശിക്കണമെന്നും
നേതൃത്വം പറഞ്ഞു.

Content Highlight: 45,000 votes were stolen from Mamata’s constituency alone; Trinamool Congress to conduct house-to-house checks

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more