മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 ലോകകപ്പ് സെമിഫൈനല്‍ മത്സരം കാണാന്‍ 250 സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ പ്രവേശനം. നാല് പതിറ്റാണ്ട് മുമ്പ് മഹാരാഷ്ട്ര സര്‍ക്കാരും മുംബൈ ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ ഒപ്പിട്ട ഉടമ്പടി പ്രകാരമാണ് ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ പാസ് അനുവദിക്കുന്നത്.
1974ല്‍ സ്റ്റേഡിയത്തിന് വേണ്ടി സ്ഥലം അനുവദിച്ച് നല്‍കിയപ്പോള്‍ ഭൂമിവിലക്ക് പകരം സര്‍ക്കാര്‍ ആവശ്യപ്പെട്ടത് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കണമെന്നുള്ളതായിരുന്നു. ഇത് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഉടമ്പടിയുടെ കാലാവധി സംബന്ധിച്ച് ഒരു തീരുമാനവും ഇരുഭാഗവും കൈക്കൊണ്ടിരുന്നില്ല.അതാണ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നത്.
ഈ ഉടമ്പടിയുടെ ഭാഗമായാണ് ക്രിക്കറ്റ് അസോസിയേഷന്‍ 250 സൗജന്യ പാസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്നതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും ബി.ജെ.പി നേതാവുമായ ആശിഷ് ഷേലാര്‍ വ്യക്തമാക്കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യം പ്രവേശനം നല്‍കുന്നതില്‍ സാധാരണക്കാരായ ക്രിക്കറ്റ് ആരാധകര്‍ക്ക് താല്‍പര്യക്കുറവുണ്ട്. പണം നല്‍കി പാസ് വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് എന്തിനാണ് സൗജന്യപാസ് അനുവദിക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്.
ഏകദേശം 33000 സീറ്റുകളാണ് വാങ്കഡെ സ്‌റ്റേഡിയത്തിലുള്ളത്. അതില്‍ പകുതിയോളം സീറ്റുകള്‍ റിസര്‍വ് ചെയ്യപ്പെടുന്നവയാണ്. ബാക്കിയുള്ള സീറ്റുകളിലേക്കുള്ള ടിക്കറ്റ് മാത്രമാണ് പണം നല്‍കി വാങ്ങാനായി കഴിയുന്നത്.