| Monday, 5th May 2025, 11:45 am

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ പിന്തുണച്ചെന്ന് ആരോപണം; അസമിൽ ഇതുവരെ അറസ്റ്റിലായത് 42 പേർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂർ: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ പിന്തുണച്ചെന്ന് ആരോപിച്ച് അസമിൽ ഇതുവരെ അറസ്റ്റിലായത് 42 പേർ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ മണ്ണിൽ പാകിസ്ഥാനെ പിന്തുണച്ചതിന് അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇതോടെയാണ് അറസ്റ്റിലായവരുടെ എണ്ണം 42 ആയി ഉയർന്നത്.

ഞായറാഴ്ച രാത്രി എക്‌സിലെ പോസ്റ്റിൽ ബാർപേട്ട, ഹോജൈ, ചിരാങ് ജില്ലകളിൽ നിന്ന് ഓരോരുത്തരെ വീതം പിടികൂടിയതായി ഹിമന്ത ശർമ പറഞ്ഞു. ‘ഇന്ത്യൻ മണ്ണിൽ പാകിസ്ഥാനെ പിന്തുണച്ചതിന് രാജ്യദ്രോഹികൾക്കെതിരായ നടപടിയെക്കുറിച്ചുള്ള അപ്‌ഡേറ്റ്. ആകെ 42 ദേശവിരുദ്ധരെ അസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

അസിബോർ റഹ്മാൻ, ജോയ്നാൽ ഉദ്ദീൻ, അസ്രഫുൾ ഇസ്‌ലാം എന്നിവരാണ് അറസ്റ്റിലായ പുതിയ വ്യക്തികൾ. പ്രസ്താവനകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും പാകിസ്ഥാനെ പിന്തുണച്ചെന്ന് ആരോപിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ദേശവിരുദ്ധവും രാജ്യദ്രോഹപരവുമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ അസം പൊലീസ് കർശനവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് പഹൽഗാം ആക്രമണം നടന്ന സമയത്ത് അത്തരത്തിലുള്ള ഒരു പെരുമാറ്റവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഭാരതത്തിനും പാകിസ്ഥാനും തമ്മിൽ ഒരു സമാനതയുമില്ല. രണ്ട് രാജ്യങ്ങളും ശത്രുരാജ്യങ്ങളാണ്. നമ്മൾ അത് അങ്ങനെ തന്നെ തുടരണം,’ ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ ന്യായീകരിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ എ.ഐ.യു.ഡി.എഫ് എം.എൽ.എ അമിനുൾ ഇസ്‌ലാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ജമ്മു കശ്മീർ ഭീകരാക്രമണത്തിന് ശേഷം ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കുന്നവരുടെ കാലുകൾ ഒടിക്കുമെന്ന ഭീഷണിയും ശർമ മുഴക്കിയിരുന്നു.

അസമിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരു പ്രചാരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ലോകത്തെവിടെയും ഒളിച്ചിരിക്കുന്ന പാകിസ്ഥാൻ തീവ്രവാദികളെ പിടികൂടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സൈന്യത്തിനും വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

Content Highlight: 42 arrested in Assam for ‘defending Pakistan’ after Pahalgam terror attack

We use cookies to give you the best possible experience. Learn more