ന്യൂദൽഹി: മതന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന വിദ്വേഷപ്രസംഗങ്ങൾ വൻതോതിൽ രാജ്യത്ത് വർധിക്കുന്നുവെന്ന് റിപ്പോർട്ട്.
അമേരിക്ക ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് (CSOH) ന്റെ പ്രോജക്റ്റായ ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞവർഷം രാജ്യത്താകെ 1318 വിദ്വേഷ പ്രസംഗങ്ങൾ നടന്നു. അതിൽ ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ 41 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് ഹേറ്റ് ലാബിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദു ഗ്രൂപ്പുകളും ബി.ജെ.പിയും സംഘടിപ്പിച്ച പരിപാടികളിൽ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യം വച്ചുള്ള പ്രസംഗങ്ങളാണ് ഹേറ്റ് ലാബ് റിപ്പോർട്ടിൽ മുന്നിൽ നിൽക്കുന്നത്.
ആകെയുള്ള വിദ്വേഷപ്രസംഗത്തിൽ 88 ശതമാനവും ബി.ജെ.പി സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബി.ജെ.പി, വി.എച്ച്.പി, ബജ്‌രംഗ്‌ദൾ, ആർ.എസ്.എസ്, അന്താരാഷ്‌ട്രീയ ഹിന്ദു പരിഷത്ത്(എ.എച്ച്.പി), സകാൽ ഹിന്ദു സമാജ് തുടങ്ങിയ സംഘടനങ്ങളാണ് വിദ്വേഷപ്രസംഗങ്ങളിൽ മുന്നിൽ.
വിദ്വേഷപ്രസംഗങ്ങളിൽ 1289ഉം മുസ്‌ലിംങ്ങളെ ലക്ഷ്യം വെച്ചും 162 എണ്ണം ക്രൈസ്‌തവരെയും 133 പ്രസംഗത്തിൽ മുസ്‌ലിംങ്ങളെയും ക്രൈസ്‌തവരെയും ലക്ഷ്യമിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ബി.ജെ.പിയുടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ പുഷ്കർ സിങ് ധാമിയാണ് വിദ്വേഷ പ്രസംഗം നടത്തിയതിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് എ.എച്ച്.പി തലവൻ പ്രവീൺ തെഗാഡിയയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആറാമതും യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ, ആകെ വിദ്വേഷ പ്രസംഗങ്ങളിൽ 1,164 ഉണ്ടായത് ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിൽ നിന്നാണ്. ഉത്തർപ്രദേശിൽ 266, മഹാരാഷ്ട്രയിൽ 193, മധ്യപ്രദേശിൽ 172, ഉത്തരാഖണ്ഡിൽ 155, ഡൽഹിയിൽ 76 എന്നിങ്ങനെയാണ്.
ഏറ്റവും കുറവ് കേരളത്തിലാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 40, തെലങ്കാനയിൽ 16, ഹിമാചൽ പ്രദേശിൽ 29 എന്നിങ്ങനെയാണ് കണക്ക്.
ഐക്യരാഷ്ട്രസഭയുടെ വിദ്വേഷ പ്രസംഗത്തിന്റെ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ വിദ്വേഷ പ്രസംഗ സംഭവങ്ങളെ തരം തിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഗൂഢാലോചന സിദ്ധാന്തങ്ങൾ, അക്രമത്തിനും ആയുധങ്ങൾക്കും വേണ്ടിയുള്ള ആഹ്വാനങ്ങൾ, സാമൂഹികമോ സാമ്പത്തികമോ ആയ ബഹിഷ്‌കരണങ്ങൾക്കുള്ള ആഹ്വാനങ്ങൾ, ആരാധനാലയങ്ങൾ പിടിച്ചെടുക്കാനോ നശിപ്പിക്കാനോ ഉള്ള ആഹ്വാനങ്ങൾ, ഭാഷയെ മനുഷ്യത്വരഹിതമാക്കൽ, ഇന്ത്യയിൽ താമസിക്കുന്ന അഭയാർത്ഥികളെ ലക്ഷ്യം വച്ചുള്ള പ്രസംഗങ്ങൾ എന്നിവയടക്കം ഇതിൽ ഉൾപ്പെടുന്നു.
Content Highlight: 41% increase in hate speech; 88% from BJP states: Hate Lab report