| Friday, 17th July 2026, 12:16 pm

ആ സൂപ്പര്‍സ്റ്റാര്‍ പദവി ഏറ്റെടുക്കാന്‍ ആരും ഇന്നേവരെ എത്തിയിട്ടില്ല; രാജാവിന്റെ മകന്‍ റിലീസായി നാല്‍പ്പതാം വാര്‍ഷികത്തില്‍ വൈറലായി വീഡിയോ

അശ്വിന്‍ രാജേന്ദ്രന്‍

1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് മോഹന്‍ലാല്‍. നാലരപതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ ഇടവേളകളില്ലാതെ തുടരുന്ന താരം ഇന്ന് ഇന്ത്യന്‍ സിനിമയിലെ അമരക്കാരിലൊരാളാണ്. മറ്റ് ഫിലിം ഇന്‍ഡസ്ട്രികളില്‍ തലമുറ മാറ്റം നടന്ന് പുതിയ താരങ്ങള്‍ സൂപ്പര്‍ താരപദവി ഏറ്റെടുത്തെങ്കിലും മലയാളത്തില്‍ ഇന്നും മോഹന്‍ലാലിന് പകരം വെക്കാന്‍ ഒരു യുവതാരവും വളര്‍ന്നിട്ടില്ലെന്നത് കൗതുകമുണര്‍ത്തുന്നതണ്. ഒരു ശരാശരി മോഹന്‍ലാല്‍ ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത മറ്റ് താരങ്ങളുടെ പോസിറ്റീവ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് പോലും ലഭിക്കുന്നില്ലെന്നത് താരത്തിന്റെ പ്രേക്ഷകരിലുള്ള സ്വാധീനം വെളിവാക്കുന്നു.

Photo: My world of Movies

വില്ലന്‍ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച നടന് സൂപ്പര്‍ സ്റ്റാര്‍ പദവി നേടി നല്‍കിയ ചിത്രമായിരുന്നു 1986ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ ചിത്രത്തില്‍ വിന്‍സെന്റ് ഗോമസ് എന്ന ഗ്യാങ്‌സ്റ്ററായിട്ടായിരുന്നു മോഹന്‍ലാല്‍ വേഷമിട്ടത്. ചിത്രമിറങ്ങി നാല്‍പ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മോഹന്‍ലാലിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ഇടം പിടിക്കുന്നത്.

എമ്പുരാന്‍. Photo: Business Standard

ലോകത്ത് ആദ്യമായിട്ടല്ലല്ലോ ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടാകുന്നതെന്നാണ് 1995ല്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ചോദിക്കുന്നത്. നമ്മുടെ സിനിമയില്‍ അഭിനയിക്കുന്ന വേറെ ആരെങ്കിലും ഈ പദവിയിലേക്ക് എത്തുന്നത് വരെ തന്റെ ഈ സൂപ്പര്‍ സ്റ്റാര്‍ഡം എന്ന പദവി കൈവശം വെക്കുമെന്നും അതിന് ശേഷം ഇത് അയാള്‍ക്ക് കൈമാറുമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

തുടരും. Photo: News 8

എന്നാല്‍ ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും അത്തരത്തില്‍ താരത്തെ വെല്ലാന്‍ പറ്റിയ ഒരാള്‍ മലയാള സിനിമയിലെത്തിയിട്ടില്ലെന്നും പ്രായഭേദമന്യേ ഇന്നും പ്രേക്ഷകരുടെ ഇഷ്ടതാരമായി മലയാളത്തില്‍ മോഹന്‍ലാല്‍ തുടരുകയാണെന്നും പറയുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം മുതല്‍ അവസാനമായി പുറത്തിറങ്ങിയ ദൃശ്യം 3വരെ വമ്പന്‍ ഹിറ്റുകളാണ് താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഇനി അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി താരത്തിന് തടയിടാന്‍ പോന്ന താരങ്ങളൊന്നും മലയാള സിനിമയില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: 40 Years of Malayalam Movie Rajavinte Makan which gave super Stardom for Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more