| Saturday, 4th April 2026, 3:48 pm

വ്യോമാക്രമണത്തില്‍ വിമാനം തകര്‍ന്നു; ഇന്ത്യയിലെ ഇറാന്‍ എംബസിയില്‍ കെട്ടിക്കിടക്കുന്നത് 40 ടണ്‍ മരുന്നുകള്‍

അനിത സി

ന്യൂദല്‍ഹി: ഇറാന് വേണ്ടി ഇന്ത്യയില്‍ നിന്നും പിരിച്ച സംഭാവനകള്‍കൊണ്ട് വാങ്ങിയ ടണ്‍ കണക്കിന് മരുന്നുകള്‍ ഇറാനിലെത്തിക്കാനാകാതെ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്.

കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇറാന് വേണ്ടി പണം പിരിച്ചിരുന്നു. ഈ തുക പണമായി ഇറാന് കൈമാറാന്‍ നിയമതടസങ്ങളുള്ളതുകൊണ്ട് സഹായങ്ങളായി എത്തിക്കാനായിരുന്നു നീക്കം.

എന്നാല്‍, ഈ പണമുപയോഗിച്ച് വാങ്ങിയ 40 ടണ്‍ മരുന്നുകള്‍ ഇറാന്‍ എംബസിയില്‍ തന്നെ കെട്ടിക്കിടക്കുകയാണ്.

മരുന്നുകള്‍ ഇറാനിലേക്ക് കൊണ്ടുപോകാനിരുന്നിരുന്ന മഹന്‍ വിമാനം മഷാദ് വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണത്തില്‍ തകര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞാഴ്ചയാണ് മഹന്‍ വിമാനം തകര്‍ന്നത്.

ഈ മരുന്നുകള്‍ അടിയന്തരമായി എത്തിക്കാനുള്ള വഴികള്‍ തേടുകയാണെന്ന് ഇറാന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘യു.എസ്-ഇസ്രഈല്‍ സേന ആക്രമിച്ച വിമാനം ഇറാന്‍ എംബസി വാങ്ങിയ 40 ടണ്‍ മരുന്നുകള്‍ ശേഖരിക്കുന്നതിനായി ന്യൂദല്‍ഹിയില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ സാഹചര്യങ്ങള്‍ അത്ര എളുപ്പമല്ലെങ്കിലും ബദല്‍ ക്രമീകരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ്,’എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും മാര്‍ച്ച് 28ന് രണ്ട് ചെറിയ ബാച്ച് മരുന്നുകള്‍ അര്‍മേനിയ വഴി ടെഹ്‌റാനിലെത്തിച്ചിരുന്നു. ഇത് ഇന്ത്യയില്‍ നിന്നും ഇറാനിലേക്കുള്ള മരുന്നുകളുടെ ഏറ്റവും വലിയ കയറ്റുമതിയായിരുന്നു.

ഇറാനിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെയും സംവിധാനങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇറാനിലെ മരുന്ന് ദൗര്‍ലഭ്യത്തെ കുറിച്ച് ആശങ്കയുണ്ടെന്നും എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇറാനിലേക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചിരുന്ന വിമാനത്തിന് നേരെ മാര്‍ച്ച് 30ന് ഉണ്ടായ ആക്രമണത്തെ ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അപലപിച്ചിരുന്നു.

ഇന്ത്യയില്‍ മരുന്നുകള്‍ വാങ്ങുന്നതിനായി ഫണ്ട് ഉപയോഗപ്പെടുത്തുമെന്ന് ഇറാന്‍ അറിയിച്ചെന്നും അതിന് അനുതി നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Content Highlight: 40 tons of medicines purchased with donations from India; are being stored at the Iranian embassy

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more