| Wednesday, 3rd September 2025, 8:49 pm

2024ല്‍ കേരളത്തില്‍ തിരിച്ചെത്തിയത് 40,000 ടോപ് സികില്‍ഡ് പ്രൊഫഷണലുകള്‍; ടാലന്റ് പൂളില്‍ 172% വളര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2024ല്‍ മാത്രം കേരളത്തിലേക്ക് എത്തിയത് 40,000 ടോപ് സികില്‍ഡ് പ്രൊഫഷണലുകളാണെന്ന് വ്യാവസായിക മന്ത്രി പി. രാജീവ്.

49 ശതമാനം പ്രൊഫഷണലുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 ശതമാനം പ്രൊഫഷണലുകള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലെത്തിയതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘കേരളത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്ന റിവേഴ്‌സ് മൈഗ്രേഷനെക്കുറിച്ചും ഇവിടുത്തെ മികച്ച ടാലന്റ് പൂളിനെക്കുറിച്ചും ഞങ്ങളെപ്പോഴും പറയുന്ന കാര്യമാണ്. കഴിഞ്ഞ വര്‍ഷം മാത്രം നമ്മുടെ കേരളത്തിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 40,000 ടോപ് സികില്‍ഡ് പ്രൊഫഷണലുകളുടെ റിവേഴ്‌സ് മൈഗ്രേഷന്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ 49 ശതമാനം പ്രൊഫഷണുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 ശതമാനം പ്രൊഫഷണുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് തിരികെ എത്തിയത്. അമേരിക്ക, ഇംഗ്ലണ്ട്, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും കേരളത്തിലേക്ക് പ്രൊഫഷണലുകള്‍ തിരിച്ചു നാട്ടിലേക്ക് വരുന്നത്,’ മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ പ്രൊഫഷണല്‍ ടാലന്റ് പൂള്‍ 172% വളര്‍ച്ചയാണ് കൈവരിച്ചത്. കൂടുതല്‍ പ്രൊഫഷണലുകളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, അധ്യാപകന്‍ എന്നീ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ടാലന്റ് പൂളിലെ 37% വനിതകളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബിസിനസ് ഓപ്പറേഷന്‍സ്, ഫിനാന്‍സ്, സംരംഭകത്വം എന്നീ മേഖലകളില്‍ അനുഭവസമ്പത്തുള്ളവരാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരില്‍ ഏറെയും.

എന്നാൽ ഈ റിപ്പോര്‍ട്ട് തീര്‍ത്തും ലിങ്ക്ഡ്ഇന്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് എന്നിരിക്കെ യഥാര്‍ത്ഥ നമ്പറുകള്‍ ഇതിലും എത്രയോ വലുതായിരിക്കുമെന്നാണ് മന്ത്രി പി. രാജീവ് പറയുന്നത്. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദമായ കുറിപ്പിലാണ് മന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

എല്ലാവരും കേരളത്തിലേക്ക് എന്ന ട്രെന്റ് വളരെ പ്രത്യക്ഷത്തില്‍ തെളിയുന്നു എന്നതാണ് ഈ റിപ്പോര്‍ട്ടിന്റെ പ്രത്യേകത. ഇവിടൊന്നും നടക്കുന്നില്ല, ഇവിടേക്കാരും വരുന്നില്ല എന്നെല്ലാം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ റിപ്പോര്‍ട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും വളര്‍ന്നുവരുന്ന ജോലി സാധ്യതകളും വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക് കടന്നുവരുന്നതും നാട്ടില്‍ തന്നെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

Content Highlight: 40,000 top-skilled professionals returned to Kerala in 2024; 172% growth in talent pool

We use cookies to give you the best possible experience. Learn more