| Tuesday, 4th February 2025, 3:39 pm

സഞ്ജുവില്ലെങ്കില്‍ പിന്നെയാര്? രാജസ്ഥാനെ നയിക്കാന്‍ ഈ നാല് പേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പരിക്കേറ്റിരുന്നു. ജോഫ്രാ ആര്‍ച്ചറിന്റെ പന്ത് കൊണ്ട് കൈവിരലിന് പരിക്കേറ്റാണ് താരം കളംവിട്ടത്. ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ സഞ്ജു വിക്കറ്റ് കീപ്പറായും എത്തിയിരുന്നില്ല. ധ്രുവ് ജുറെലാണ് പകരം ഗ്ലൗമാനായി കളത്തിലിറങ്ങിയത്.

പിന്നീട് നടത്തിയ പരിശോധനയില്‍ സഞ്ജുവിന്റെ വിരലിന് പൊട്ടലുള്ളതായി കണ്ടെത്തിയരുന്നു. ആറ് ആഴ്ചയോളം താരത്തിന് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും സഞ്ജുവിന്റെ സാന്നിധ്യം ടീമിനൊപ്പമുണ്ടാകില്ല.

താരത്തിന്റെ പരിക്ക് രാജസ്ഥാന്‍ ആരാധകരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. സഞ്ജുവിന്റെ നേതൃത്വത്തിലാണ് രാജസ്ഥാന്‍ മികച്ച മുന്നേറ്റങ്ങളുണ്ടാക്കിയത്. 2022ലെ ഫൈനല്‍ പ്രവേശനത്തിലടക്കം സഞ്ജുവിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു.\

ഒരുപക്ഷേ പരിക്ക് മൂലം സഞ്ജുവിന് ഐ.പി.എല്‍ നഷ്ടമാവുകയാണെങ്കില്‍ പകരം ആര് ക്യാപ്റ്റനാകും എന്ന ചോദ്യമാണ് ആരാധകര്‍ക്ക് മുമ്പിലുള്ളത്. കാര്യമായ ഓപ്ഷനുകള്‍ ടീമിന് മുമ്പില്‍ ഇല്ല എന്നതാണ് പ്രധാന വിഷയം. പരിചയ സമ്പന്നനായ അശ്വിനും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും ഇത്തവണ ടീമിനൊപ്പമില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

എന്നിരുന്നാലും രാജസ്ഥാന്‍ സ്‌ക്വാഡില്‍ നിന്നുതന്നെ സഞ്ജുവിന്റെ റീപ്ലേസ്‌മെന്റിനെ കണ്ടെത്താന്‍ റോയല്‍സിന് സാധിക്കും. ഇതില്‍ സാധ്യമായ ഓപ്ഷനുകള്‍ പരിശോധിക്കാം.

നിതീഷ് റാണ

സഞ്ജുവിന്റെ അഭാവത്തില്‍ ക്യാപ്റ്റനാകാന്‍ സാധ്യതയുള്ള താരങ്ങളില്‍ പ്രധാനിയാണ് നിതീഷ് റാണ. ഐ.പി.എല്ലില്‍ കളിച്ച് പരിചയസമ്പത്തുള്ള ഈ 31കാരന് ഐ.പി.എല്‍ ടീമിനെ നയിച്ച എക്‌സീപിരിയന്‍സുമുണ്ട്.

2023ല്‍ ശ്രേയസ് അയ്യരിന് പരിക്ക് കാരണം സീസണ്‍ മുഴുവന്‍ നഷ്ടമായ സാഹചര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചത് നിതീഷ് റാണയായിരുന്നു.

വാനിന്ദു ഹസരങ്ക

ശ്രീലങ്കന്‍ ടീമിനെയടക്കം നയിച്ച വാനിന്ദു ഹസരങ്കയാണ് സഞ്ജുവിന്റെ അഭാവത്തില്‍ പിങ്ക് ആര്‍മിയെ നയിക്കാന്‍ യോഗ്യനായ മറ്റൊരു താരം. ലങ്ക പ്രീമിയര്‍ ലീഗില്‍ ബി ലവ് കാന്‍ഡിയുടെ ക്യാപ്റ്റനായി ടീമിനെ കിരീടത്തിലേക്ക് നയിച്ച അനുഭവ സമ്പത്തും ഹസരങ്കയ്ക്ക് കൈമുതലായുണ്ട്.

റിയാന്‍ പരാഗ്

ഏതൊരു പരിതസ്ഥിതിയിലും രാജസ്ഥാന്‍ റോയല്‍സ് കൈവിടാതെ കാത്ത താരമാണ് റിയാന്‍ പരാഗ്. ആഭ്യന്തര തലത്തില്‍ അസമിന്റെ ക്യാപ്റ്റനായ പരാഗ് മികച്ച പ്രകടനവും പുറത്തെടുത്തിട്ടുണ്ട്. ഓരോ സീസണില്‍ കഴിയുമ്പോഴും സ്വയം മികച്ചതായി മാറുന്ന പരാഗിനെയും പുതിയ ചുമതലയേല്‍പ്പിക്കാന്‍ രാജസ്ഥാന് പരിഗണിക്കാനാകും.

യശസ്വി ജെയ്‌സ്വാള്‍

ഇക്കൂട്ടത്തില്‍ ക്യാപ്റ്റനായി ഒട്ടും പരിചയമില്ലാത്ത താരമാണ് യശസ്വി ജെയ്‌സ്വാള്‍. എന്നാല്‍ മറ്റ് മൂന്ന് താരങ്ങളെക്കാളും രാജസ്ഥാന്‍ ടീമിനെ വ്യക്തമായി അറിയാം എന്നതാണ് ജെയ്‌സ്വാളിന്റെ പ്ലസ് പോയിന്റ്. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ അധിക ചുമതല താരത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കാതിരിക്കാനും ടീം ശ്രദ്ധ ചെലുത്തണം.

Content Highlight: 4 players who can lead Rajasthan Royals if Sanju Samson misses IPL 2025 due to injury

We use cookies to give you the best possible experience. Learn more