ലഖ്‌നൗ: മഹാകുംഭമേള കഴിഞ്ഞ് നാല് മാസമായിട്ടും ഉറ്റവർ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. പ്രയാഗ്‌രാജിലെ കുംഭമേളയിൽ ജനുവരി 29ന് മൗനി അമാവാസിയിലെ ഷാഹി സ്നാന രാത്രിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് മാസമായിട്ടും ഉത്തർപ്രദേശ് സർക്കാർ എക്സ്-ഗ്രേഷ്യ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്നും സംസ്ഥാനത്തിന്റെ പെരുമാറ്റം വളരെ മോശമാണെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് സൗമിത്ര ദയാൽ സിങ്, ജസ്റ്റിസ് സന്ദീപ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
സംസ്ഥാനത്തിന്റെ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പറഞ്ഞ കോടതി, സർക്കാർ പൗരന്റെ ദുരവസ്ഥ നിസംഗതയോടെ നോക്കിക്കാണുകയാണെന്ന് വിമർശിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, സമയബന്ധിതമായി പണം നൽകുന്നത് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കർത്തവ്യമാണെന്നും കോടതി പറഞ്ഞു.
കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമാർട്ടം നടത്താതെ പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജ് കുടുംബത്തിന് കൈമാറിയതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. തിക്കിലും തിരക്കിലും പെട്ട് മരിച്ചയാളുടെ ഭർത്താവ് സമർപ്പിച്ച നഷ്ടപരിഹാര ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
‘ഒരാളെ ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ, സർക്കാർ ഏജൻസികൾ നൽകുന്ന രേഖകളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ടാകണം. അവരുടെ ബന്ധുക്കളെ ഇത് അറിയിക്കുകയും വേണം. ഏതെങ്കിലും രോഗിയെ മരിച്ച നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നാൽ, അതും രേഖപ്പെടുത്തി ബന്ധപ്പെട്ടവരെ അറിയിക്കണം. ഇവിടെ ഭാര്യയുടെ മൃതദേഹം ഏത് ആശുപത്രിയിൽ നിന്നാണ് മോർച്ചറിയിലേക്ക് മാറ്റിയതെന്നും ഏത് സാഹചര്യത്തിലാണ് ഹരജിക്കാരന്റെ മകന് കൈമാറിയതെന്നും ഹരജിക്കാരനെ അറിയിക്കണം. ഇനി മൃതദേഹം എവിടെയെങ്കിലും അവകാശികളില്ലാതെ കണ്ടെത്തുകയാണ് ചെയ്തതെങ്കിൽ പൊലീസ് ശരിയായ നടപടി സ്വീകരിക്കുകയും ശരിയായ നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യണമായിരുന്നു. പക്ഷെ ഇവിടെ ഇത്തരത്തിൽ ഒരു വിവരവും ലഭ്യമല്ല,’ കോടതി പറഞ്ഞു.
ഫെബ്രുവരിയിൽ മരണപ്പെട്ട യുവതിയുടെ മൃതദേഹം പങ്കാളിക്ക് കൈമാറിയെങ്കിലും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം ഇതുവരെയും നൽകിയിരുന്നില്ല. ഇതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഹരജി പരിഗണിച്ച കോടതി,സംസ്ഥാനം ഇതിൽ ഉടൻ നടപടിയെടുക്കണമെന്ന് പറഞ്ഞു.
‘ഇത് ചിലപ്പോൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാൽ സംഭവിച്ചതാകാം എന്നതിനാൽ, പ്രഥമദൃഷ്ട്യാ, ഈ നിലപാട് അംഗീകരിക്കാനാവാത്തതും പൗരന്റെ ദുരവസ്ഥയോടുള്ള നിസംഗതയുമായി ഞങ്ങൾ കാണുന്നു. ആ സംഭവത്തിൽ ഉടൻ തന്നെ എക്സ്ഗ്രേഷ്യ നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടിയെടുക്കണം. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പരമാവധി മാന്യതയോടെ നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്,’ കോടതി നിരീക്ഷിച്ചു.
Content Highlight: 4 months on, no ex-gratia paid to petitioner: HC on Mahakumbh stampede