| Sunday, 29th March 2026, 2:00 pm

പ്രതാപം വീണ്ടെടുക്കാന്‍ കോളിവുഡ്; അടുത്ത നാല് മാസം വരാനിരിക്കുന്നത് വമ്പന്‍ റിലീസുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

സൗത്ത് ഇന്ത്യയെ ഒട്ടാകെ ആവേശം കൊള്ളിക്കാന്‍ കെല്‍പ്പുള്ള ഇന്റസ്ട്രിയാണ് കോളിവുഡ് എന്നറിയപ്പെടുന്ന തമിഴിലേത്. വിജയ് യും രജിനിയും ലോകേഷുമടക്കമുള്ള താരങ്ങള്‍ക്കും സംവിധായകര്‍ക്കും കേരളത്തിലടക്കമുള്ള സിനിമാ പ്രേക്ഷകരുടെ മേല്‍ വലിയ സ്വാധീനമാണുള്ളത്. എന്നാല്‍ 2026ല്‍ വലിയ ഹിറ്റുകളൊന്നുമില്ലാതെ ബോക്‌സ് ഓഫീസില്‍ യാതൊരു ചലനവുമുണ്ടാക്കാനാകാതെ ബുദ്ധിമുട്ടുന്ന കാഴ്ച്ചക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്.

തമിഴില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുന്നതോടെ വലിയ ഹൈപ്പിലെത്തിയ ജനനായകന്‍ സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍ പെട്ട് റിലീസ് മാറ്റിവെച്ചതോടെയാണ് തമിഴിലെ കഷ്ടകാലം ആരംഭിക്കുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തിക്കും കാര്യമായൊന്നും തിയേറ്ററില്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

കര. Photo: X.com

എന്നാല്‍ അടുത്ത നാല് മാസത്തിനുള്ളില്‍ വരാനിരിക്കുന്ന നാല് വമ്പന്‍ പ്രൊജക്ടുകളാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നത്. റിലീസ് മാറ്റിവെച്ച വിജയ്‌യുടെ ജനനായകന്‍, സൂര്യയുടെ കറുപ്പ്, ധനുഷിന്റെ കര, സൂര്യുടെ തന്നെ റോ-കോം വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് തുടങ്ങിയവയാണ് പ്രക്ഷേകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുള്ളത്.

തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കര. പോര്‍ തൊഴിലിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ മികച്ച ഹൈപ്പുള്ള കരയുടെ അപ്‌ഡേറ്റുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ധനുഷിന് പുറമെ മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമും സുരാജും മമിതയും ചിത്രത്തില്‍ വേഷമിടുന്നുവെന്ന ഫാക്ടറും ചിത്രത്തിന്റെ കേരളത്തിലെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കുന്നു.

ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത് മെയ് 14 ന് തിയേറ്ററുകളിലേക്കെത്തുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് കറുപ്പ്. ചിത്രത്തില്‍ ഗാങ്‌സറ്ററായി വേഷമിടുന്ന സൂര്യക്ക് വര്‍ഷങ്ങളായുള്ള തന്റെ ഹിറ്റ് വരള്‍ച്ച് കറുപ്പിലൂടെ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകരുള്ളത്. കഴിഞ്ഞ ദീപാവലിക്ക് ചിത്രമെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

കറുപ്പ്. Photo: X.com

കറുപ്പിന് പുറമെ മമിത സൂര്യയുടെ നായികയായെത്തുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ബോക്‌സ് ഓഫീസില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രത്തിന്റെതായി കഴിഞ്ഞയാഴ്ച്ച പുറത്തുവന്ന ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍ തിയേറ്ററുകളിലേക്കെത്തുക എന്നാണ് പുറത്തുവരുന്ന വിവരം. ഇതോടൊപ്പം മാറ്റിവെച്ച യഷിന്റെ ടോക്‌സിക്കും കൂടെയെത്തുമ്പോള്‍ കോളിവുഡിലെ ബോക്‌സ് ഓഫീസ് പ്രതാപം വീണ്ടെടുക്കുമെന്നതില്‍ സംശയമില്ല.

Content Highlight: 4 Major releases in Tamil in upcoming months

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more