| Thursday, 3rd September 2026, 5:30 pm

സൗത്ത് ഇന്ത്യയ്ക്കിത് നല്ലകാലം; ഒരു മാസക്കാലയളവില്‍ നാല് ഇന്‍ഡസ്ട്രികളിലും ഇരുനൂറ് കോടി

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാല്‍ ഇതിന് ഒരു അന്ത്യം കുറിച്ചുകൊണ്ടാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയത്. ഇതോടെ സൗത്ത് ഇന്ത്യയിലെ ടോളിവുഡിനും, കോളിവുഡിനും, മോളിവുഡിനും സാന്‍ഡല്‍വുഡിനും വലിയ മാര്‍ക്കറ്റായിരുന്നു തുറന്ന് കിട്ടിയത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ എന്ന തരത്തില്‍ പല സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളും മാര്‍ക്കറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ കെ.ജി.എഫ്, പുഷ്പ, ജയിലര്‍, മാര്‍ക്കോ, തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് സൗത്ത് ഇന്ത്യയില്‍ നിന്നും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District

ഇപ്പോഴിതാ കൗതുകകരമായ മറ്റൊരു കാര്യമാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഒരു മാസത്തെ കാലയളവിനുള്ളില്‍ സൗത്ത് ഇന്ത്യയിലെ നാല് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും കുറഞ്ഞത് ഒരു ചിത്രമെങ്കിലും ഇരുനൂറ് കോടി ക്ലബില്‍ ഇടം പിടിച്ചരിക്കുകയാണ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി നാല് ഭാഷകളില്‍ നിന്നുമായി നാല് ചിത്രങ്ങളാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്.

മലയാളത്തില്‍ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടി നേട്ടത്തിലെത്തിയരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ് വേര്‍ഷനുകളും റിലീസ് ചെയ്യാനിരിക്കെ കളക്ഷന്‍ ഇനിയും കൂടുമെന്നതില്‍ സംശയമില്ല.

വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്. Photo: X.com

ബെത്‌ലഹേമിലെ നായികയായ മമിത തന്നെ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സാണ് കോളിവുഡില്‍ നിന്നും 200 കോടിയിലെത്തിയ ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രം കറുപ്പിന് ശേഷം സൂര്യയുടെ മറ്റൊരു ബ്ലോക്ക്ബ്ലാസ്റ്റര്‍ ചിത്രമായിരുന്നു. റോം-കോം എന്റര്‍ടെയിനറായിരിക്കെയാണ് ചിത്രത്തിന് ഇത്രയും വലിയ കളക്ഷന്‍ ലഭിച്ചതെന്നും ശ്രദ്ധേയമാണ്.

ഇരുമുടി. Photo: X.com

അപ്രതീക്ഷിതമായിട്ടായിരുന്നു രവി തേജയുടെ ഇരുമുടി വലിയ വിജയത്തിലേക്കെത്തിയത്. തുടര്‍ച്ചയായി പരാജയ ചിത്രങ്ങളുടെ ഭാഗമായ താരം സംവിധായകന്‍ ശിവ നിര്‍വാണയ്‌ക്കൊപ്പം ട്രാക്ക് മാറ്റിപ്പിടിച്ചപ്പോള്‍ കരിയറിലെ തന്നെ വലിയ വിജയമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ടോക്‌സിക്ക്. Photo: X.com

200 കോടിയിലെത്തിയെങ്കിലും പരാജയത്തിന്റെ പടുകുഴിയില്‍ നില്‍ക്കുകയാണ് കന്നഡ ചിത്രം ടോക്‌സിക്ക്. കെ.ജി.എഫിന് ശേഷം മൂന്ന് വര്‍ഷത്തിലധികം സമയമെടുത്ത് യഷ് ചെയ്ത ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോകുകയായിരുന്നു. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് മുടക്കുമുതല്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുമോ എന്ന കാത്തിരിപ്പിലാണ് സിനിമാ ലോകം ഇപ്പോള്‍.

Content Highlight: 4 Films from south India enters 200 crore club in one month time span

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more