| Monday, 2nd September 2019, 7:40 pm

കൊട്ടാരം മുതല്‍ വീടുകള്‍ വരെ; കശ്മീരില്‍ രാഷ്ട്രീയ നേതാക്കളെ പാര്‍പ്പിച്ചിരിക്കുന്നത് നാല് അജ്ഞാത കേന്ദ്രങ്ങളിലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രാഷ്ട്രീയ നേതാക്കളെ അനധികൃതമായി തടവില്‍പ്പാര്‍പ്പിച്ചിരിക്കുന്നത് നാലു കേന്ദ്രങ്ങളിലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ ആണ് ഈ വിവരം പുറത്തുവിട്ടത്.

ജമ്മുവില്‍ തവി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഹരി നിവാസ് എന്ന കൊട്ടാരമാണ് അതിലൊന്ന്. അവിടെയാണ് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നത്.

മറ്റൊന്ന് ജമ്മു കശ്മീര്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ ചാഷ്‌മെ ഷാഹിയിലുള്ള വീടുകളിലാണ്. അവിടെയാണ് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയെ പാര്‍പ്പിച്ചിരിക്കുന്നത്. ശ്രീനഗറിലെ റെയ്‌നവാരിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്പതോളം മുന്‍ എം.എല്‍.എമാരെയും കൗണ്‍സിലര്‍മാരെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍പ്പിച്ചിരിക്കുന്ന സെന്റോര്‍ ഹോട്ടലും ഷെറി കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററാണ് മറ്റുള്ളവ.

ഇവിടങ്ങളില്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സൈന്യത്തെ കല്ലെറിഞ്ഞവരെയും പിടികൂടി തടവില്‍പ്പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും ഇവരുടെ സുരക്ഷ നിരീക്ഷിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു ജില്ലാ മജിസ്‌ട്രേറ്റ് എല്ലാ ആഴ്ചയും വന്ന് തടവുകാര്‍ക്കു പറയാനുള്ളതു കേള്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാളുടെ സ്വഭാവം, ചരിത്രം, പൊതുജനങ്ങളെ സ്വാധീനിക്കുന്ന വിധം എന്നിവ പരിഗണിച്ചാണ് ഇവരെ തടവില്‍പ്പാര്‍പ്പിച്ചിരിക്കുന്നതും ഭാവിപരിപാടികളും.

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിനകത്ത് തടവിലാക്കപ്പെട്ടിരിക്കുന്ന നേതാക്കളെ കാണാന്‍ അവരുടെ ബന്ധുക്കള്‍ എത്താറുണ്ടെന്നും എന്നാല്‍ കൂടിക്കാഴ്ച അനുവദിക്കാറില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി അടക്കമുള്ളവരെ തടവുകേന്ദ്രങ്ങളില്‍ നിന്നു വീടുകളിലേക്കു മാറ്റിയിട്ടുണ്ട്. ഇവര്‍ വീട്ടുതടങ്കലില്‍ തുടരും.

തരിഗാമിക്കു പുറമേ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) നേതാവ് ഗുലാം അഹമ്മദ് സോഫി, പി.ഡി.പി നേതാവ് മുസാഫര്‍ ബെയ്ഗ് എന്നിവരെയാണു വീട്ടുതടങ്കലിലേക്കു മാറ്റിയത്. രണ്ടു നേതാക്കളെക്കൂടി ഉടനെ ഇത്തരത്തില്‍ മാറ്റും.

10 ദിവസം മുന്‍പാണ് ഗുലാം അഹമ്മദ് സോഫിയെ തടവുകേന്ദ്രത്തില്‍ നിന്നു മാറ്റിയത്. നാലു നേതാക്കളെ മാറ്റിയതിനു പിന്നിലും അവരുടെ ആരോഗ്യപ്രശ്നങ്ങളാണെന്ന് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

We use cookies to give you the best possible experience. Learn more