കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബഹുനില മന്ദിരത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 4,000 ഓളം വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. ബുധനാഴ്ച രാവിലെ 9:50 ഓടെയാണ് സംഭവം.
രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസിലുണ്ടായ ഈ അപകടത്തില്‍ വന്‍ അട്ടിമറി സാധ്യതയുണ്ടെന്നാണ് സംസ്ഥാന അഗ്‌നിശമന സേന മന്ത്രി കൗശിക് ചൗധരി ആരോപിക്കുന്നത്.
കൊല്‍ക്കത്തയിലെ അലിപ്പൂര്‍ ഏരിയയിലുള്ള സൗത്ത് 24 പര്‍ഗാനാസ് ജില്ലാ പരിഷത്തിന്റെ പത്ത് നിലകളുള്ള വലിയ ഭരണനിര്‍വഹണ മന്ദിരത്തിലാണ് തീപ്പിടുത്തമുണ്ടായത്.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്ത് മണ്ഡലങ്ങളിലായി ഉപയോഗിച്ചിരുന്ന ഏകദേശം 4,000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് കത്തിയമര്‍ന്നത്. ഇവ കെട്ടിടത്തിന്റെ എട്ട്, ഒന്‍പത് നിലകളിലായിരുന്നു സൂക്ഷിച്ചിരുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ജില്ലാ പരിഷത്ത് കെട്ടിടമാണിത്. സൗത്ത് 24 പര്‍ഗാനാസ് എന്നത് ടി.എം.സി എം.പി അഭിഷേക് ബാനര്‍ജിയുടെ ശക്തമായ സ്വാധീനമേഖലയാണ്.
നിലവില്‍ അറസ്റ്റിലായ ടി.എം.സി നേതാവും ജില്ലാ പരിഷത്ത് കര്‍മാധ്യക്ഷനുമായ ജഹാംഗീര്‍ ഖാന്റെ ഓഫീസും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി സര്‍ക്കാര്‍ വകുപ്പുകളും തീപിടിത്തത്തില്‍ നശിച്ചു.
സംഭവത്തില്‍ കടുത്ത അട്ടിമറി സാധ്യതയുണ്ടെന്ന് സംസ്ഥാന അഗ്‌നിശമന സേന വിഭാഗം വകുപ്പ് മന്ത്രി കൗശിക് ചൗധരി വ്യക്തമാക്കി. തീ പടര്‍ന്ന രീതിയില്‍ വലിയ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം തീപിടിത്തം ആരംഭിച്ചത് മൂന്നാം നിലയിലോ നാലാം നിലയിലോ ആണ്. എന്നാല്‍ ഇടയിലുള്ള അഞ്ച്, ആറ്, ഏഴ് നിലകളെ ഒട്ടും ബാധിക്കാതെ, വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന എട്ട്, ഒന്‍പത് നിലകളിലേക്ക് തീ എങ്ങനെ പടര്‍ന്നു എന്നത് അതീവ ദുരൂഹമാണ്,’ അദ്ദേഹം പറഞ്ഞു.
എയര്‍കണ്ടീഷണറിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്ന ചില പ്രാഥമിക നിഗമനങ്ങളുണ്ടെങ്കിലും, നിലകള്‍ മാറി തീ പടര്‍ന്നതാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്.
കനത്ത പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പത്ത് അഗ്‌നിശമന യൂണിറ്റുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട കഠിനപ്രയത്‌നത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ഓഫീസുകള്‍ക്കുള്ളിലെ പേപ്പറുകളും തടികൊണ്ടുള്ള ഫര്‍ണിച്ചറുകളും കാരണം വലിയ രീതിയില്‍ പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
കെട്ടിടത്തില്‍ നിന്നും എയര്‍കണ്ടീഷണറിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ താഴേക്ക് പതിച്ചെങ്കിലും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
സംഭവവുമായി ബന്ധപ്പെട്ട് അലിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ സുരക്ഷാ മുന്‍നിര്‍ത്തി കെട്ടിടം പൂര്‍ണമായി സീല്‍ ചെയ്തിരിക്കുകയാണ്.
Content Highlight: 4,000 voting machines burnt in Bengal government building; Minister says sabotage