| Wednesday, 23rd December 2015, 12:00 pm

മൂന്നാം വിവാഹം: അസ്ഹറുദ്ദീന്‍ മൗനം വെടിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ മൂന്നാമതും വിവാഹിതനായെന്ന് അടുത്തിടെ മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കക്കാരിയായ ഷാനോന്‍ മാരി അസ്ഹറുദ്ദീന്‍ വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ തള്ളി അസ്ഹര്‍ രംഗത്തെത്തിയിരിക്കുകയാണ്. “മൂന്നാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വസ്തുതകള്‍ പരിശോധിക്കൂ.” എന്നാണ് അസ്ഹര്‍ വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്.

അസ്ഹറുദ്ദീന്റെ ഡ്രൈവര്‍ ജാന്‍ മുഹമ്മദ് വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അസ്ഹര്‍ മുംബൈയിലെ ഡ്രൈവറുടെ വീട്ടിലെത്തിയിരുന്നു. ബുര്‍ഖ ധരിച്ച ഷാനോണ്‍ കൂടെയുണ്ടായിരുന്നു. ഇവരെ ഭാര്യയെന്ന് അസ്ഹര്‍ പരിചയപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇതോടെയാണ് അസ്ഹറുദ്ദീന്‍ മൂന്നാമതും വിവാഹം കഴിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്.

നൗരീന്‍ എന്നയാളെയാണ് അസ്ഹര്‍ ആദ്യമായി വിവാഹം ചെയ്തത്. ഈ ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. വിവാഹം കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനുശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് അസ്ഹര്‍ ബോളിവുഡ് മോഡലായ സംഗീത ബിജ്‌ലാനിയെ വിവാഹം ചെയ്തു. 2010ല്‍ ആ ബന്ധവും അവസാനിച്ചു.

2000ല്‍ വാതുവെപ്പ് വിവാദത്തില്‍പ്പെട്ട അസ്ഹറിന് ഐ.സി.സി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2012ലാണ് ഈ വിലക്ക് നീക്കിയത്.

We use cookies to give you the best possible experience. Learn more