| Saturday, 27th December 2025, 4:22 pm

പത്തനംതിട്ടയിലും തിരുവനന്തപുരത്തും എസ്.ഡി.പി.ഐ പിന്തുണ പൂര്‍ണമായി ഉപേക്ഷിച്ച് യു.ഡി.എഫ്; രാജി

നിഷാന. വി.വി

പത്തനംതിട്ട: പത്തനംതിട്ടയിലും തിരുവനന്തപുരത്തും  എസ്.ഡി.പി.ഐ പിന്തുണ പൂര്‍ണമായി ഉപേക്ഷിച്ച് യു.ഡി.എഫ്. പത്തനംതിട്ട കോട്ടാങ്ങലില്‍ എസ്.ഡി.പി.ഐ പിന്തുണച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുകയായിരുന്നു. പഞ്ചായത്തില്‍ എസ്.ഡി.പി.ഐയ്ക്ക് മൂന്ന് സീറ്റാണ് ലഭിച്ചിരുന്നത്. എല്‍.ഡി.എഫ് ഒരു സീറ്റില്‍ ഒതുങ്ങിയതോടെ അഞ്ച് സീറ്റുകള്‍ വീതം നേടിയ യു.ഡി.എഫും ബി.ജെ.പിയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും എസ്.ഡി.പി.ഐ യു.ഡി.എ.ഫിനെ പിന്തുണയ്ക്കുകയുമായിരുന്നു.

ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശ്രീദേവിക്ക് 8 വോട്ട് ലഭിക്കുകയും പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു. പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും നിമിഷങ്ങള്‍ക്കകം രാജിവെക്കുകയുമായിരുന്നു.

എസ്.ഡി.പി.ഐ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്നും അതിനാല്‍ രാജിവെക്കുന്നു എന്നതായിരുന്നു രാജിവെച്ചതിന് പിന്നാലെ ശ്രീദേവി മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് യു.ഡി.എഫിന് വോട്ട് നല്‍കിയത് എന്നായിരുന്നു എസ്.ഡി.പി.ഐയുടെ പ്രതികരണം. ശ്രീദേവി രാജിവെച്ചതോട ഇനി നടക്കുന്ന പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കില്ലെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവന്തപുരത്തെ പാങ്ങോട് പഞ്ചായത്തിലും യു.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണ ലഭിച്ചിരുന്നു.
പിന്നീട് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ്.ഗീത കൂടിയാലോചനകള്‍ക്ക് ശേഷം രാജിവെക്കുകയായിരുന്നു. ഒരു വിഭാഗം പ്രദേശിക പ്രവര്‍ത്തകരുടെ തര്‍ക്കം രൂക്ഷമായതോടെയായിരുന്നു രാജി.

എസ്.ഡി.പി.ഐയുമായി സഖ്യം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് ക്ഷീണം വരുത്താതിരിക്കാനാണ് തങ്ങള്‍ രാജിയെകുറിച്ച് ചിന്തിച്ചതെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം സീറ്റാണ് ഉണ്ടായിരുന്നത്. ബി.ജെ.പിക്കും എസ്.ഡി.പി.ഐക്കും സീറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐയുടെ മൂന്ന് വോട്ട് യു.ഡി.എഫിന് നല്‍കുകയായിരുന്നു. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐ യുടെയും പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്ന് ഇരു പാര്‍ട്ടികളും നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും എസ്.ഡി.പി.ഐ പിന്തുണയ്ക്കുകയായിരുന്നു.
തെക്കന്‍ കേരളത്തില്‍ ഇത്തരത്തില്‍ നിരവധി അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Content Highlight: UDF says it does not want SDPI support in Pathanamthitta and Thiruvananthapuram

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more