ബ്രസീലിയന്‍ പ്രാദേശിക ഫുട്‌ബോള്‍ ലീഗില്‍ ഒറ്റ മത്സരത്തില്‍ 23 റെഡ് കാര്‍ഡ് കണ്ട സംഭവം ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. അടിയും തിരിച്ചടിയുമായി കളി കയ്യാങ്കളിയായപ്പോള്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ റഫറി 23 ചുവപ്പുകാര്‍ഡുകള്‍ പുറത്തെടുത്തു.
ക്രൂസീറോയും അത്‌ലറ്റിക്കോ മിനേറോയും തമ്മിലുള്ള കലാശപ്പോരിലാണ് റഫറി 23 റെഡ് കാര്‍ഡുകള്‍ ഒറ്റയടിക്ക് നല്‍കിയത്. ഫൈനലില്‍ രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഇരു ടീമുകളിലെയും താരങ്ങള്‍ പരസ്പരം കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചതോടെയാണ് റഫറി 23 താരങ്ങളെ ഒന്നിച്ച് ബുക്ക് ചെയ്തത്.
എന്നാല്‍ ഇതിലും വലിയ റെഡ് കാര്‍ഡ് മാരത്തോണിന് ഫുട്‌ബോള്‍ ലോകം സാക്ഷിയായിട്ടുണ്ട്. ഒന്നും രണ്ടുമല്ല, ഇരു ടീമിലുമായി 36 താരങ്ങള്‍ക്കാണ് റഫറി റെഡ് കാര്‍ഡ് നല്‍കിയത്. ഒരു മത്സരത്തില്‍ ഏറ്റവുമധികം റെഡ് കാര്‍ഡിന്റെ ലോക റെക്കോഡും ഈ മത്സരത്തിന്റെ പേരിലാണ്.
വര്‍ഷം 2011. അര്‍ജന്റൈന്‍ അഞ്ചാം ഡിവിഷന് തുല്യമായ പ്രിമേറ ഡിയാണ് വേദി. അത്‌ലറ്റിക്കോ ക്ലേയ്‌പോളും വിക്ടോറിയാനോ അരേനസും തമ്മില്‍ വാശിയേറിയ മത്സരം നടക്കുകയാണ്. അത്‌ലറ്റിക്കോ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചുനില്‍ക്കവെ നില്‍ക്കവെ കളി കയ്യാങ്കളിയായി.
രണ്ട് താരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കം പിന്നാലെ കൂട്ടത്തല്ലിന് വഴിയൊരുക്കി. ഇതോടെ റഫറി ഡെയ്മിയന്‍ റൂബീന്യോ ഒന്നിന് പിന്നാലെ ഒന്നായി റെഡ് കാര്‍ഡും പുറത്തെടുത്തു.
രണ്ട് ടീമിലെയും 11 താരങ്ങള്‍ക്ക് പുറമെ ഏഴ് സബ്സ്റ്റിറ്റിയൂട്ടുകള്‍ക്കും ചുവപ്പ് കാര്‍ഡ് നല്‍കിയതോടെ 36 താരങ്ങളാണ് ഒറ്റയടിക്ക് ബുക്ക് ചെയ്യപ്പെട്ടത്.
ക്ലെയ്‌പോള്‍ നിരയില്‍ ഡബ്ല്യു. റൊമേറോ, എല്‍. ഫ്രെഗോട്ടെ, ഡി. റോബിന്‍, ആര്‍. ലുഗ്വെര്‍സിയോ, സി. ടോറസ്, സി. അലാര്‍കോന്‍, എ. കാര്‍ഡോസോ, ജി. ഗോമസ്, ജി. ബാരില, ഒ. ഗാസ്‌പെറോ, ജെ. ലെഡെസ്മ, എ. കാസ്‌ട്രോ, ജെ. ഗ്വേര, ആ. ബെനിറ്റസ്, ഇ. മാല്‍ഡൊനാഡോ, എന്‍. അറാണ്ട, ജി. അറാണ്ട, എ. ഹോറോണോസ് എന്നിവരും വിക്ടോറിയാനോ നിരയില്‍ ജി. റുഡ്‌നിയേസ്‌കി, എം. പാര്‍ഡോ, എം. ലാപോര്‍ട്ടെ, എല്‍. മെഡീന, ആര്‍. പരേഡസ്, ഇ. അറാണ്ട, ആര്‍. സാഞ്ചസ്, സി. ആല്‍വാരസ്, സി. ലെയ്‌വ, എഫ്. ഓര്‍ട്ടിസ്, ഡി. സുവാരസ്, ഡി. വിയാനോ, എന്‍. മാല്‍ഡൊനാഡോ, എ. വിറ്റാക്ക, എഫ്. ഡി ഫെറാറിസ്, ജി. ടോറസ്, എഫ്. ഗാഡ്ഡി, എച്ച്. ഫിഗ്വെരേദോ എന്നിവരും ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൊളീവിയന്‍ ലീഗില്‍ 17 റെഡ് കാര്‍ഡ് പിറന്ന സംഭവവുമുണ്ടായിരുന്നു. റയല്‍ ഒറൂറോ – ബ്ലൂമിങ് മത്സരത്തിലാണ് കളിക്കും കയ്യാങ്കളിക്കും വഴിവെച്ചത്.
ഇരു ടീമിന്റെയും പരിശീലകരടക്കം 17 പേരെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി. പരാജയത്തിലേക്ക് കുതിക്കവെയുണ്ടായ ഒറൂറോ താരങ്ങളുടെ നിരാശയാണ് ഗ്രൗണ്ടിലെ കൂട്ടത്തല്ലിന് വഴിയൊരുക്കിയത്.
ഒടുവില്‍ പൊലീസെത്തി കണ്ണിര്‍വാതകം പ്രയോഗിച്ചാണ് രംഗം ശാന്തമാക്കിയത്.
Content Highlight: 36 red card in a single game
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ