| Monday, 28th July 2025, 9:36 am

കോംഗോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ആക്രമണം; 34 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോമ: കിഴക്കന്‍ കോംഗോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമത സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എ.ഡി.എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കൊമാണ്ട പട്ടണത്തിലെ പള്ളിയില്‍ ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ ഒരു മണിയോടെ അക്രമികള്‍ അതിക്രമിച്ചു കയറിയതായി ഇറ്റൂറി പ്രവിശ്യയിലെ കൊമാണ്ടയിലെ സിവില്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍ ഡിയുഡോണ്‍ ഡുരന്തബോയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി വീടുകളും കടകളും കത്തിനശിച്ചു.

പള്ളിയുടെ അടുത്തുള്ള ഗ്രാമമായ മച്ചോങ്കാനിയിലും ആക്രമണം നടന്നിരുന്നു. ഇവിടെ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തോക്കുകളും വാളുകളും കൈവശം വച്ചിരിക്കുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് അംഗങ്ങളാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൊമാണ്ടയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള ഒരു ശക്തികേന്ദ്രത്തില്‍ നിന്നാണ് ആക്രമണകാരികള്‍ വന്നതെന്നും സുരക്ഷാ സേന എത്തുന്നതിനുമുമ്പ് അവര്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കിഴക്കന്‍ കോംഗോയില്‍ എ.ഡി.എഫ്, റുവാണ്ട പിന്തുണയുള്ള വിമതര്‍ ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള എ.ഡി.എഫ്, ഉഗാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്താണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം വിമത സംഘടനകള്‍ പലപ്പോഴും സാധാരണക്കാരെയാണ് ലക്ഷ്യമിടാറുള്ളത്. ഈ മാസം ആദ്യം ഇറ്റൂറിയിലും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു.

പ്രസിഡന്റ് യോവേരി മുസേവേനിയോടുള്ള അതൃപ്തിയെത്തുടര്‍ന്ന് 1990 കളുടെ അവസാനത്തില്‍ ഉഗാണ്ടയിലെ വ്യത്യസ്ത ചെറു ഗ്രൂപ്പുകളാണ് എ.ഡി.എഫ് രൂപീകരിച്ചത്. 2002ല്‍ ഉഗാണ്ടന്‍ സേനയുടെ സൈനിക ആക്രമണങ്ങളെത്തുടര്‍ന്ന് സംഘം അതിന്റെ പ്രവര്‍ത്തനങ്ങള്‍ അയല്‍രാജ്യമായ കോംഗോയിലേക്ക് മാറ്റുകയായിരുന്നു.

Content Highlight: 34 killed in attack on Christian church in eastern Congo

We use cookies to give you the best possible experience. Learn more