| Monday, 3rd June 2019, 7:59 pm

സൗബ്ബിനെ നായകനാക്കി ആഷിഖ് അബു ചിത്രം വരുന്നു, ഉണ്ണി ആറിന്റ തിരക്കഥ; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈറസിന് ശേഷം ആഷിഖ് അബുവും സൗബ്ബിന്‍ ഷാഹിറും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. സൗബ്ബിന്‍ ആഷിഖ് അബുവിന്റെ റാണി പദ്മിനി, ടാ തടിയാ എന്നീ ചിത്രങ്ങളില്‍ നേരത്തെ അഭിനയിച്ചിരുന്നു.

സൗബ്ബിന്‍ ഷാഹിര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായ പറവയില്‍ ആഷിഖ് അബുവും അഭിനയിച്ചിരുന്നു. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് ആഷിഖ് ചിത്രത്തില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത് റിലീസിംഗിനൊരുങ്ങുന്ന പുതിയ ചിത്രമായ വൈറസില്‍ പ്രധാനപ്പെട്ട വേഷമാണ് സൗബ്ബിന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് ശേഷം സൗബ്ബിന്റെ വേഷം ചര്‍ച്ചയായിരുന്നു.

ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

നിപ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്.

നിപയാണ് സിനിമയുടെ പ്രമേയമെന്നും ഒരുപാട് സിനിമയ്ക്കുള്ള കഥ നിപയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും അന്ന് കോഴിക്കോടുണ്ടായിരുന്ന പൊതുജീവിതത്തിന്റെ പരിച്ഛേദമാണ് വൈറസെന്നും ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു.

മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. ആഷിഖും റിമയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്.

We use cookies to give you the best possible experience. Learn more