| Saturday, 7th March 2026, 7:49 am

ഇറാന്റെ രണ്ട് സെറ്റ് നേതാക്കളും സൈന്യവും പോയി; 32 കപ്പലുകള്‍ സമുദ്രത്തിന്റെ അടിത്തട്ടിലാണെന്നും ട്രംപ്

രാഗേന്ദു. പി.ആര്‍

വാഷിങ്ടണ്‍: ഇറാന്റെ 32 കപ്പലുകളും സമുദ്രത്തിന്റെ അടിത്തട്ടിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ഇറാന്‍ മൂന്നാം തട്ടിലേക്ക് താഴ്ന്നുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന് അവരുടെ സൈന്യത്തെ നഷ്ടപ്പെട്ടുവെന്നും നാവികസേന ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. ആശയവിനിമയ കേന്ദ്രങ്ങൾ പൂർണമായും തകർക്കപ്പെട്ടു. രണ്ട് സെറ്റ് നേതാക്കളെയാണ് ഇറാന് നഷ്ടപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.

ഇറാനിലെ വ്യോമസേന പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനിലെ സൈനിക നീക്കത്തില്‍ അമേരിക്കന്‍ സേനയെ പ്രശംസിച്ചുകൊണ്ടാണ് ട്രംപിന്റെ പരാമര്‍ശം.

അത്ഭുതകരമായ രീതിയിലാണ് യു.എസ് സൈന്യം ഇറാനില്‍ പ്രവര്‍ത്തിക്കുന്നത്. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യത്തില്‍ മതിപ്പുണ്ട്. വെനസ്വേലയില്‍ സംഭവിച്ചത് എന്താണോ അത് തന്നെയാണ് ഇറാനിലും സംഭവിക്കുന്നത്. മുമ്പൊരിക്കലും ഉണ്ടാകാത്ത ബഹുമാനമാണ് അമേരിക്കക്കാര്‍ക്ക് സൈന്യത്തോട് ഇപ്പോഴുള്ളതെന്നും ട്രംപ് പറഞ്ഞു.

ഇറാന്‍ നിരുപാധികം കീഴടങ്ങിയാല്‍ നാശത്തില്‍ നിന്നും കരകയറുമെന്നും സാമ്പത്തിക ശക്തിയാകുമെന്നും ട്രംപ് ഇന്നലെ (വെള്ളി) പറഞ്ഞിരുന്നു. നിരുപാധികം കീഴടങ്ങാതെ ഇറാനുമായി കരാറിനില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇറാനിലെ ആക്രമണം യു.എസ് വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. ഇറാനിലെ മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും ചേര്‍ന്ന് ആരംഭിച്ച ആക്രമണം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇറാനിലെ 3,000ത്തിലധികം കേന്ദ്രങ്ങള്‍ ആക്രമിച്ചതായും 43 യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായും യു.എസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.

യു.എസും ഇസ്രഈലും സിവിലിയന്‍ പ്രദേശങ്ങളിലാണ് ആക്രമണം നടത്തുന്നതെന്ന് യു.എന്നിലെ ഇറാന്‍ അംബാസിഡര്‍ അമീര്‍ സയീദ് ഇറവാനി പറഞ്ഞു. ഇത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നാലെ ഇറാനിലെ 160ലധികം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണമായ ഇസ്രഈലിന്റെ ആക്രമണത്തില്‍ സ്വതന്ത്ര അന്വേഷണവും നടത്തണമെന്ന് യു.എന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു.

Content Highlight: 32 iranian ships are at the bottom of the ocean, says Trump

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more