| Saturday, 21st November 2026, 2:00 pm

ഇന്ത്യയിലുടനീളം 32 വ്യാജ സർവകലാശാകൾ; മൂന്ന് വർഷത്തിനുള്ളിൽ പട്ടിക 20ൽ നിന്നും 32 ആയി ഉയർന്നെന്ന് യു.ജി.സി

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: 2026 നവംബർ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശത്തെത്തുടർന്ന് ഇന്ത്യയിലുടനീളം 32 വ്യാജ സർവകലാശാകൾ ഉണ്ടെന്ന് കണ്ടെത്തി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). മൂന്ന് വർഷത്തിനുള്ളിൽ പട്ടിക 20ൽ നിന്നും 32 ആയി ഉയർന്നെന്ന് കമ്മീഷൻ അറിയിച്ചു.

യു.ജി.സി അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളിൽ ചേരുന്നതിനെതിരെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ഉത്തർപ്രദേശിലെ ഏത്തയിലെ ഒരു ഫാം ഹൗസിൽ വ്യാജ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് 2026 ഒക്ടോബർ 9ൽ സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തുടർന്ന് അനധികൃത സ്ഥാപനങ്ങൾക്കെതിരെ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകാൻ ഈ ഉത്തരവിൽ കോടതി യു.ജി.സിക്കും മറ്റ് നിയന്ത്രണ ഏജൻസികൾക്കും നിർദേശം നൽകി.

ദൽഹിയിലാണ് ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കമ്മീഷൻ പറഞ്ഞു. 12 എണ്ണമാണ് ദൽഹിയിൽ ഉള്ളത്. 2023ൽ ഇത് 18 ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

യു.പിയിൽ നാലും കേരളം, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി രണ്ടെണ്ണം വീതമാണെന്നും കമ്മീഷൻ പറഞ്ഞു.

2023 മാർച്ചിലെ യു.ജി.സി പട്ടികയും 2026 ഫെബ്രുവരിയിലെ പട്ടികയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ കണ്ടെത്തിയ പട്ടികയിലെ സ്ഥാപനങ്ങളിൽ 90 ശതമാനവും ഇപ്പോഴും തുടരുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ അതിനെതിരെ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.

1956ലെ യു.ജി.സി നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2023 ഏപ്രിലിൽ സംസ്ഥാന വിദ്യാഭ്യാസ അധികാരികൾക്ക് കത്തെഴുതിയിരുന്നെന്നും യു.ജി.സി വ്യക്തമാക്കി.

2026 ഓഗസ്റ്റിൽ സംസ്ഥാനങ്ങളോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് നടപടികൾ ആരംഭിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞിരുന്നു.

സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കുന്നതിന് മുൻപ് സ്ഥാപനത്തിന്റെ അംഗീകാരം, ബിരുദങ്ങൾ നൽകാനുള്ള അംഗീകാരം, കോഴ്‌സുകളുടെ അനുമതി, ഓൺലൈൻ വിദൂര വിദ്യാഭ്യാസം, ഓഫ് ക്യാമ്പസ് പ്രോഗ്രാമുകൾ എന്നിവ നടത്താനുള്ള അനുവാദമുണ്ടെന്നടക്കമുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾ ഉറപ്പുവരുത്തണമെന്ന് പുതിയ നിർദ്ദേശങ്ങളിൽ പറയുന്നു.

പരസ്യങ്ങൾ, വെബ്‌സൈറ്റുകൾ, ബ്രോഷറുകൾ, സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾ മാത്രം ആശ്രയിക്കരുതെന്നും ഔദ്യോഗിക റെഗുലേറ്ററി വെബ്സൈറ്റുകൾ വഴി സ്വന്തമായി പരിശോധന നടത്തണമെന്നും നിർദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു.

Content Highlight: 32 fake universities across India; UGC states the list has grown from 20 to 32 within three years.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more