ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ 300 വര്‍ഷം പഴക്കമുള്ള ദര്‍ഗ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയതായി റിപ്പോര്‍ട്ട്. ഹസ്രത്ത് ഖാസിം ഷാ വാലിയുടെ ദര്‍ഗയാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഇത് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍, പ്രദേശവാസികള്‍ അവരെ തടഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെ ചൊവ്വാഴ്ച രാത്രിയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കല്‍ നടപടി നടന്നതെന്ന് ഒബ്സര്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം മൂന്ന് നൂറ്റാണ്ടുകളായി ദര്‍ഗ ഈ സ്ഥലത്ത് ഇത് നിലനിന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. റോഡ് വികസനത്തിനായി നിശ്ചയിച്ചിട്ടുള്ള അതിര്‍ത്തിക്കുള്ളില്‍ അനധികൃതമായി കൈയേറിയാണ് കെട്ടിടം നിലനില്‍ക്കുന്നതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ സംഘം ചൊവ്വാഴ്ച അവിടെ എത്തിയെങ്കിലും, നാട്ടുകാരുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നതായി ക്ലാരിയോണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശവാസികള്‍ അവിടെ നിന്ന് പോയതിന് പിന്നാലെ, കനത്ത പൊലീസ് സുരക്ഷയോടെ ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുമായി തിരിച്ചെത്തുകയും, ദര്‍ഗയും അതിനോട് ചേര്‍ന്നുള്ള മതിലും പൊളിച്ചുനീക്കുകയും ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച സിറ്റി ഖാസി സയ്യിദ് നിസാര്‍ അലിയും ഖാണ്ഡ്വ സിറ്റി മജിസ്ട്രേറ്റ് ബജ്രംഗ് ബഹാദൂര്‍ ഷായും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നതായി സിയാസത് ഡെയലി റിപ്പോര്‍ട്ട് ചെയ്തു. ആരാധനാലയത്തിനെതിരെ നടപടിയെടുക്കുന്നതിന് മുന്‍പ് രേഖാമൂലമുള്ള ഉത്തരവും റോഡ് വികസന പദ്ധതിയുടെ ഭൂപടവും ഹാജരാക്കണമെന്ന് ഖാസി ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവസ്ഥലത്തുനിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദര്‍ഗ പൊളിക്കുന്നതിന് മുമ്പുള്ള ഈ വീഡിയോയില്‍ ഖാസിയും മജിസ്ട്രേറ്റും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ‘പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവും കൃത്യമായ രേഖകളും കാണിക്കൂ, അല്ലെങ്കില്‍ ഇവിടെ നിന്ന് പോകൂ. മതിയായ രേഖകളും അനുമതിയും ഇല്ലാതെ ഇത് പൊളിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.’ എന്ന് മജിസ്ട്രേറ്റിനോട് ഖാസി പറയുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം.
ദര്‍ഗ പൊളിച്ചതിന് ശേഷമുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടാടാവശിഷ്ടങ്ങളുടയെും രാത്രി ബുള്‍ഡോസര്‍ ഈ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോകളിലുണ്ട്.
നഗര വികസന പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസനത്തിന്റെ ഭാഗമായാണ് പൊളിച്ചുനീക്കല്‍ നടപടിയെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. പദ്ധതി പ്രകാരം, മസാറിന്റെ ഏകദേശം എട്ട് മുതല്‍ 10 അടി വരെ ഭാഗം നിര്‍ദ്ദിഷ്ട പാതയുടെ പരിധിയില്‍ വരുന്നുണ്ടെന്ന് ക്ലാരിയോണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദര്‍ഗയുടെ ഒരു ഭാഗമാണ് പൊളിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ദര്‍ഗയും മതിലും പൂര്‍ണമായും പൊളിച്ചുനീക്കിയെന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എത്രത്തോളം ഭാഗം അവശേഷിക്കുന്നു എന്നതിനെക്കുറിച്ച് വ്യത്യസ്ത വിവരങ്ങളും ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്.
ഒരു ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ജെ.സി.ബി ഉപയോഗിച്ച് ദര്‍ഗ നീക്കം ചെയ്തതായി ‘ടൈംസ് നൗ ഹിന്ദി’ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇതുവരെ വിശദമായ ഔദ്യോഗിക പ്രസ്താവനയൊന്നും നല്‍കിയിട്ടില്ല. പ്രതിഷേധവുമായി ആരെയും കസ്റ്റഡിയിലെടുത്തതായി വിവരമില്ല.
Content Highlight: 300-year-old dargah in Madhya Pradesh demolished overnight