ജനീവ: ദക്ഷിണ സുഡാനില്‍ അഭ്യന്തര സംഘര്‍ഷങ്ങളില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍. 42000ത്തോളം പേര്‍ തലസ്ഥാന നഗരമായ ജൂബയില്‍ നിന്നും പാലായനം ചെയ്തതായും യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മാസം എട്ടിനാണ് സംഘര്‍ഷം ആരംഭിച്ചിരുന്നത്. പ്രസിഡന്റ് സല്‍വ കീറിനെ അനുകൂലിക്കുന്ന സൈന്യവും വൈസ് പ്രസിഡന്റെ് റീക് മചാറിനെ അനുകൂലിക്കുന്നവരും തമ്മിലാണ് ഏറ്റമുട്ടല്‍ നടക്കുന്നത്.
കലാപത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം 8,35,000 ആണ്. അതേ സമയം കുടിയേറിയവരില്‍ പലരും നാട്ടിലേക്ക് തിരിച്ചുവരുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറഞ്ഞു.
ഇരു വിഭാഗങ്ങളും തമ്മില്‍ 2013ലാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. പിന്നീട് 2015ല്‍ സമാധാന ഉടമ്പടി ഒപ്പുവെച്ചതോടെയാണ് സമാധാനം നിലവില്‍ വന്നത്.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ തിരിച്ചു വിളിക്കുന്നുണ്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന “ഓപ്പറേഷന്‍ സങ്കട് മോച”ന്റെ ഭാഗമായി 156 പേര്‍ ഇന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇവരില്‍ 45 മലയാളികളാണ്.