| Thursday, 6th December 2012, 12:56 am

ഈജിപ്തില്‍ മുര്‍സി അനുയായികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി: നാല് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോകെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരായ ജനരോക്ഷം ശക്തമാകുന്നു. മുര്‍സിയുടെ അനുയായികളും എതിരാളികളും തമ്മില്‍ ഇന്നലെ വീണ്ടും സംഘര്‍ഷമുണ്ടായി.[]

പരസ്പരം കല്ലേറു നടത്തിയ ഇരുപക്ഷവും പെട്രോള്‍ ബോംബുകളും ആക്രമണത്തിനുപയോഗിച്ചു. സംഘര്‍ഷത്തില്‍ നാല് പ്രക്ഷോഭകര്‍ മരിച്ചു.
സംഘര്‍ഷത്തിനിടെ വെടിവയ്പ്പിലാണ് ഇതില്‍ മൂന്നു പേര്‍ മരിച്ചത്.

തലസ്ഥാനമായ കയ്‌റോയില്‍ ഇന്നലെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും പ്രതിഷേധക്കാരും തമ്മിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. പ്രസിഡന്റിന്റെ കൊട്ടാരത്തിന് പുറത്ത് തടിച്ചുകൂടിയ മുര്‍സി വിരുദ്ധരെ പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ ഇസ്‌ലാമിസ്റ്റുകള്‍ നേരിടുകയായിരുന്നു.

പ്രസിഡന്റിന്റെ കൊട്ടാരത്തിന് പുറത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി എത്തുന്നത്. ഇന്നലെ ഇവരെ പോലീസ് നേടിട്ടെങ്കില്‍ ഇന്ന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൂടി രംഗത്തിറങ്ങുകയായിരുന്നു.

കല്ലും പെട്രോള്‍ ബോംബും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ജനക്കൂട്ടത്തെ നേരിട്ടത്. പോലീസ് രണ്ട് വശത്തായി നിലയുറപ്പിച്ചെങ്കിലും ഏറ്റുമുട്ടല്‍ തടയാനായില്ല.

കൊട്ടാരം വളഞ്ഞ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. 350ലേറെ പേര്‍ക്ക് പരിക്കേറ്റു.

മുര്‍സിയുടെ പുതിയ കരട് ഭരണഘടനയിലെ വ്യവസ്ഥകളും ചട്ടങ്ങളും രാജ്യത്തിന്റെ താത്പര്യത്തിന് എതിരാണെന്നും വിഭജനത്തിന് സമാനമായ അന്തരീക്ഷമാണ് ഇതുണ്ടാക്കുന്നതെന്നും പ്രതിപക്ഷകക്ഷികള്‍ പറഞ്ഞു.

ഇന്നലെ രാത്രിയോടെ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുന്നതയി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 ലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിപ്‌ളവാനന്തര ഈജിപ്തില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ ഭരണഘടനയുടെ കരടിന്‍മേലുള്ള വോട്ടെടുപ്പ് സംബന്ധിച്ച് മുര്‍സിക്കെതിരെ രാജ്യത്തെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കൈറോ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ മുബാറക് വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം വീണ്ടും പ്രക്ഷുബ്ധമാക്കിയത്.

കഴിഞ്ഞ ദിവസം പിന്‍വാതിലിലൂടെ കൊട്ടാരം വിട്ട മുര്‍സി ഇന്നലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി. ഇതിനുശേഷമാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെ ഉയര്‍ന്ന ജനവികാരത്തിന് സമാനമായ അന്തരീക്ഷത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.

ഇന്നലെ സൂയസ്, ഇസ്മാഈലിയ തുടങ്ങിയ മേഖലകളിലും മുര്‍സി വിരുദ്ധ പ്രകടനങ്ങള്‍ നടന്നു.

We use cookies to give you the best possible experience. Learn more