| Saturday, 9th August 2025, 4:22 pm

സഞ്ജുവിന്റെ മാത്രമല്ല, രാജസ്ഥാനില്‍ ഇവരുടെ കാര്യത്തിലും തീരുമാനമാകും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള താത്പര്യമറിയിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചതായി താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍ റിലീസ് ചെയ്യുകയാണെങ്കില് താരം 2026 മിനി ലേലത്തിന്റെ ഭാഗമാകും.

ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സഞ്ജുവിനെ ലക്ഷ്യം വെക്കുന്ന പ്രധാന ടീം. നേരത്തെ തന്നെ ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇപ്പോള്‍ ട്രേഡ് വിന്‍ഡോയിലൂടെ മലയാളി വിക്കറ്റ് കീപ്പറെ സ്വന്തമാക്കുകയാണ് സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം.

തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു ആവശ്യപ്പെട്ടതോടെ 2026 ലേലത്തിന് മുമ്പ് താരം സവായ് മാന്‍ സിങ് സ്റ്റേഡിയത്തോട് വിടപറഞ്ഞേക്കും.

എന്നാല്‍ സഞ്ജുവിനെ മാത്രമല്ല, 2026 മിനി താര ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് കയ്യൊഴിയാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളെ പരിശോധിക്കാം

തുഷാര്‍ ദേശ്പാണ്ഡേ

കഴിഞ്ഞ മെഗാ താരലേലത്തില്‍ 6.50 കോടി രൂപയ്ക്കാണ് തുഷാര്‍ ദേശ്പാണ്ഡേയെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള മികച്ച പ്രകടനത്തിന് പിന്നാലെയാണ് രാജസ്ഥാന്‍ താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ പിങ്ക് ജേഴ്‌സിയില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചില്ല.

പത്ത് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എക്കോണമിയാകട്ടെ പത്തിലധികവും. ഇതോടെ അവസാന മത്സരങ്ങളില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെ അടുത്ത സീസണില്‍ താരത്തെ ടീമിനൊപ്പം കാണാനുള്ള സാധ്യതകളും മങ്ങുകയാണ്.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍

ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ഏക വിദേശ താരമായിരുന്നു ഹെറ്റ്‌മെയര്‍. താരലേലത്തിന് ശേഷവും ടീമിലെ ഏക വിദേശ ബാറ്ററായി ഹെറ്റി തുടര്‍ന്നു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആക്രമണോത്സുക ബാറ്റിങ് പ്രതീക്ഷിച്ച രാജസ്ഥാന്‍ ആരാധകരെ തീര്‍ത്തും നിരാശനാക്കുന്ന പ്രകടനമാണ് ഹെറ്റ്‌മെയര്‍ നടത്തിയത്. ടൂര്‍ണമെന്റിലുടനീളം വെറും നനഞ്ഞ പടക്കമായി ഹെറ്റ്‌മെയര്‍ തുടര്‍ന്നു.

14 മത്സരത്തില്‍ നിന്നും 21.72 ശരാശരിയില്‍ 239 റണ്‍സാണ് ഹെറ്റ്‌മെയറിന് നേടാന്‍ സാധിച്ചത്. ഐ.പി.എല്‍ 2025ലെ താരത്തിന്റെ ശരാശരി പ്രകടനം കണക്കിലെടുത്ത് താരത്തെ ടീം ഒഴിവാക്കിയേക്കും.

വാനിന്ദു ഹസരങ്ക

ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താരലേലത്തിലാണ് സഞ്ജു സാംസണിന്റെ എക്കാലത്തെയും വലിയ ശത്രുവായ വാനിന്ദു ഹസരങ്കയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. 5.25 കോടിക്കാണ് ഹസരങ്ക സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിച്ചത്.

എന്നാല്‍ തന്റെ പേരിനോ പെരുമയ്‌ക്കോ ഒത്ത പ്രകടനമല്ല താരം പുറത്തെടുത്തത്. ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ടീമിലെത്തിച്ച ഹസരങ്ക ആ റോളില്‍ തീര്‍ത്തും പരാജയപ്പെട്ടു. 9.04 ശരാശരിയില്‍ 11 മത്സരത്തില്‍ നിന്നും 11 വിക്കറ്റ് മാത്രമാണ് ഹസരങ്കയ്ക്ക് നേടാന്‍ സാധിച്ചത്. ഓര്‍ഡറി പെര്‍ഫോര്‍മെന്‍സ് മാത്രം കാഴ്ചവെക്കുന്ന താരത്തെ റീലീസ് ചെയ്യാമെന്ന് രാജസ്ഥാന്‍ തീരുമാനമെടുത്താലും തെറ്റ് പറയാന്‍ സാധിക്കില്ല.

Content Highlight: 3 Players Rajasthan Royals may release before IPL 2026

We use cookies to give you the best possible experience. Learn more